Kerala
പ്രവാസികള്‍ രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡര്‍മാര്‍: സാദിഖ് അലി ശിഹാബ് തങ്ങള്‍
'ഏതൊരു ചുറ്റുപാടിലും നമ്മുടെ സംസ്‌കാരം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന പ്രവാസികള്‍ നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.'
ടോക്യോ (ജപ്പാന്‍) | രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്നും പ്രവാസികള്‍ എല്ലായിപ്പോഴും രാജ്യത്തിന്റെ യശസ്സുയര്‍ത്തി പിടിക്കുന്ന അനൗദ്യോഗിക അംബാസഡര്‍മാരാണെന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ജപ്പാനിലെ ടോക്യോവില്‍ നടന്ന കമ്മ്യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഏതൊരു ചുറ്റുപാടിലും നമ്മുടെ സംസ്‌കാരം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന പ്രവാസികള്‍ നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും അത് ശക്തിപ്പെടുത്താന്‍ ടോക്യോ മലയാളി സംഘടനകള്‍ക്കാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നിഹോണ്‍ കൈരളി അസ്സോസിയേഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംയുക്തമായാണ് ടോക്യോ അറ്റാഗോ മോരി ടവറില്‍ മലയാളി പ്രവാസികളുടെ കമ്മ്യൂണിറ്റി മീറ്റ് സംഘടിപ്പിച്ചത്. മുസ്‌ലിം ലീഗ് രാജ്യസഭാഗം അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രവാസി വോട്ടവകാശം, വിമാന യാത്രാനിരക്കിലെ വര്‍ധന തുടങ്ങിയ പ്രവാസി വിഷയങ്ങളില്‍ പാര്‍ലിമെന്റില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നിഹോണ്‍ കൈരളി അസ്സോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ ശക്തികുമാര്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ ഘടകം പ്രസിഡന്റ് അനില്‍രാജ് മുഖ്യാതിഥിയായിരുന്നു. ഡോ. ആനന്ദ് പ്രസംഗിച്ചു.
ജപ്പാനിലെ പ്രവാസി മലയാളി സംഘടനകളുടെ പ്രത്യേക ക്ഷണപ്രകാരമാണ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ടോക്യോ സന്ദര്‍ശനം.