Articles
പ്രവാസികൾ നീതി തേടുന്നു
സീസണ്‍ സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്ക് കുറച്ചും യാത്രാക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറും വ്യോമയാന മന്ത്രാലയവുമാണ്.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഗണ്യമായ പങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യണ്‍ ഡോളറാണ്. ഏകദേശം 9.26 ലക്ഷം കോടി രൂപ. ഇതില്‍ പ്രവാസി മലയാളികള്‍ 2023ല്‍ കേരളത്തിലേക്ക് മാത്രം അയച്ചത് 2,16,893 കോടി രൂപയും. റിസര്‍വ് ബേങ്കിന്റെ സര്‍വേ പ്രകാരം നേരത്തേ യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം ഇന്ത്യയിലേക്ക് എത്തിയിരുന്നതെങ്കില്‍ നിലവില്‍ യു എസില്‍ നിന്നാണ് എത്തുന്നത്. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തില്‍ 23 ശതമാനമാണ് യു എസിന്റെ പങ്ക്.
പ്രവാസികള്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍
കുടുംബത്തോടൊപ്പം മറ്റു രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, പ്രത്യേകിച്ചും ഗള്‍ഫ് മേഖലകളില്‍ ജോലി നോക്കുന്നവര്‍ മധ്യവേനലവധി സമയത്ത് നാട്ടില്‍ തിരികെ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജനുവരി, ഏപ്രില്‍, ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളൊക്കെ ഏതെങ്കിലും ഒരു സൈഡില്‍ സീസണ്‍ കാലമാണ്. എന്നാല്‍ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ തിരഞ്ഞെടുക്കുന്നതും ഈ സീസണുകളെയാണ്. സീസണ്‍ സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്ക് കുറച്ചും യാത്രാക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറും വ്യോമയാന മന്ത്രാലയവുമാണ്.
വ്യോമയാന നിയമങ്ങള്‍ പ്രകാരം വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കഴിഞ്ഞ പാര്‍ലിമെന്റില്‍ കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു. ചോദ്യോത്തര വേളയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ വിമാന നിരക്ക് വിഷയം ഉന്നയിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. “വിമാനക്കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാറിനു സാധിക്കില്ല. അവധി, സീസണ്‍, ഇന്ധനവില, വിപണിയിലെ മത്സരം തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചാണ് നിരക്ക്’ എന്നാണ് ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത്. 1994 മാര്‍ച്ചിലെ എയര്‍ കോര്‍പറേഷന്‍ ആക്ട് മുന്‍ നിര്‍ത്തിയാണ് ടിക്കറ്റ് നിരക്ക് തട്ടിപ്പിലെ എല്ലാ പരാതികളെയും ഭരണകൂടങ്ങള്‍ നേരിടുന്നത്.
എയര്‍ലൈനുകള്‍ തമ്മില്‍ മത്സരം നിലനില്‍ക്കുന്നതിനാല്‍ ചില റൂട്ടുകളില്‍ നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. ഇതര റൂട്ടുകളില്‍ ഈ നഷ്ടം നികത്തുന്ന സംവിധാനമാണ് വിമാന കമ്പനികള്‍ പകരം കൈക്കൊള്ളുന്നത്. ഗള്‍ഫ് റൂട്ടിലെ യാത്രികരാണ് ഇതിന്റെ ഫലമായി ഏറ്റവുമധികം ചൂഷണത്തിന് ഇരയാകേണ്ടി വരുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കീഴില്‍ താരിഫ് മോണിറ്ററിംഗ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആഭ്യന്തര സര്‍വീസ് മാത്രമാണ് അവര്‍ പരിഗണിക്കുന്നത്.
ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതിന് എല്ലാ വിമാന കമ്പനികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്. ഒരു അടിസ്ഥാന ടിക്കറ്റ് നിരക്ക് വിവിധ സ്ഥലങ്ങളിലേക്ക് വിമാനക്കമ്പനികള്‍ മുന്‍കൂട്ടി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഒരു വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് ഇന്ധന ചാര്‍ജ്, സര്‍ചാര്‍ജ്, വിവിധ നികുതികള്‍, എയര്‍പോര്‍ട്ട് ഫീസ്, ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള സേവന ഫീസ്, ലോഞ്ച് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണ്. ഇക്കണോമി ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ്, പ്രീമിയം ക്ലാസ്സ്, ഭക്ഷണം, അധിക ലഗേജിനുള്ള പണം എന്നിവ പരിഗണിച്ചും ടിക്കറ്റുകളുടെ വില നിശ്ചയിക്കാറുണ്ട്. മാത്രമല്ല ഓരോ റൂട്ടിലും വിവിധ ദിവസങ്ങളിലായി ഏകദേശം എത്രത്തോളം യാത്രക്കാര്‍ ഉണ്ടാകുമെന്ന് വിമാനക്കമ്പനികള്‍ നേരത്തേ തന്നെ കണക്കാക്കിയിരിക്കും. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിലെ ഏറ്റവും പ്രധാന ഘടകം ഇതാണ്.
പലതവണ പാര്‍ലിമെന്റില്‍ വിമാനക്കമ്പനികളുടെ കൊള്ള ചര്‍ച്ചയായിട്ടും എന്തുകൊണ്ട് പ്രതിവിധിയുണ്ടാകുന്നില്ല? ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് വിമാനക്കമ്പനികള്‍ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ്. വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ഓരോ വിമാന റൂട്ടിലും ഈടാക്കാവുന്ന പരമാവധി ടിക്കറ്റ് നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പായാല്‍ ടിക്കറ്റ് നിരക്ക് പരിധി വിട്ട് ഉയരുന്നത് തടയും. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് ടിക്കറ്റ് നിരക്കിനെ നിര്‍ണയിക്കുന്നത് എന്നാണ് വാദം. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത്. ഇന്ധന വിലയുമായി ബന്ധപ്പെട്ട പല ആനുകൂല്യങ്ങളും വിമാനക്കമ്പനികള്‍ക്ക് ലഭിക്കാറുമുണ്ട്. പല രാജ്യങ്ങളും ഇന്ധന സബ്സിഡി എയര്‍ലൈന്‍സുകള്‍ക്ക് നല്‍കാറുണ്ട്. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്വര്‍ എയര്‍വെയ്‌സിന് ഖത്വര്‍ ഇന്ധന സബ്സിഡി നല്‍കിയിരുന്നു. അതുപോലെ യു എ ഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വെയ്സിനും യു എ ഇ സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കുന്നുണ്ട്. ഇതുപോലെ കേന്ദ്ര സര്‍ക്കാറിനും വിമാനങ്ങള്‍ക്ക് ഇന്ധന സബ്സിഡി നല്‍കി പ്രവാസികളെ രക്ഷിക്കാന്‍ കഴിയും.
ആഴ്ചയില്‍ 65 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആറാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ രണ്ട് വിമാന കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും. ഇതോടെ യാത്രാ നിരക്കും ഇരട്ടിയായി കൂടി. ഇതുകാരണം കണ്ണൂരിലേക്കുള്ള പ്രവാസി യാത്രക്കാര്‍ പോലും കോഴിക്കോടിനെയോ കൊച്ചിയെയോ ആണ് ആശ്രയിക്കുന്നത്.
നിലവില്‍ 116 രാജ്യങ്ങളുമായി ഇന്ത്യക്ക് ഉഭയകക്ഷി വിമാന സര്‍വീസ് കരാറുകളുണ്ട്. ഒരു രാജ്യത്തെ വിമാനക്കമ്പനികള്‍ മറ്റൊരു രാജ്യത്തേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതും ഒരു രാജ്യത്ത് നിന്ന് ആഴ്ചയില്‍ എത്ര വിമാനങ്ങള്‍ (സീറ്റുകള്‍) പറക്കാന്‍ അനുവദിക്കാമെന്ന് തീരുമാനിക്കുന്നതുമാണ് ഉഭയകക്ഷി എയര്‍ സര്‍വീസ് കരാര്‍ എന്ന് പറയുന്നത്. യു എ ഇയും ഇന്ത്യയും തമ്മില്‍ 2014 ജനുവരിയില്‍ ഒപ്പുവെച്ച ഉഭയകക്ഷി വിമാന സര്‍വീസ് കരാര്‍ പ്രകാരം ദുബൈക്കും 15 ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൊത്തം 66,000 സീറ്റുകള്‍ ഉപയോഗിക്കാന്‍ ഇരു രാജ്യങ്ങളുടെയും എയര്‍ലൈനുകളെ അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍, യു എ ഇ വിമാനങ്ങള്‍ ഈ ക്വാട്ട പൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ അതിനുനസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വിമാന നിരക്കുകള്‍ കുത്തനെ കൂടും. ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ഇന്ത്യ-ദുബൈ സെക്ടറിലെ ഫ്‌ളൈറ്റുകളില്‍ സീറ്റുകള്‍ നിയന്ത്രിച്ചതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്.
പ്രവാസി വോട്ട്
1950 ജനുവരി 26ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി, മത, ലിംഗ പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ ഒരു നിര്‍ണായക ശക്തിയല്ലാതിരുന്നത് കൊണ്ടാവാം അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാതിരുന്നത്. എന്നിരുന്നാലും ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നത് പാര്‍ലിമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്. പിന്നീട് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നതിനു വേണ്ടി 1950ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പ്രവാസികള്‍ ഒഴിവാക്കപ്പെട്ടു. 1972-83 കാലത്തുണ്ടായ ‘ഗള്‍ഫ് ബൂമി’ംഗി നെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതും പ്രവാസികള്‍ ഒരു നിര്‍ണായക ശക്തിയായി മാറുന്നതും. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്കും വോട്ടവകാശം വേണം എന്ന ആശയം ഉയര്‍ന്നുവരുന്നത്.
2010ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്ത് പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരികയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിലെ വിലാസം സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസംബ്ലി/പാര്‍ലിമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം എന്ന നിയമം വന്നു. എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതിക സാന്നിധ്യം അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് വോട്ട് ചെയ്യുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പ്രവാസി പ്രമുഖരും സംഘടനകളും നീക്കങ്ങള്‍ നടത്തിയിരുന്നു. 2014ല്‍ പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് അവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയിരുന്നു. 2014 ഒക്ടോബറല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ഇതില്‍ ഇ-പോസ്റ്റല്‍ ബാലറ്റ് എന്ന ഓപ്ഷന്‍ നിര്‍ദേശിക്കുകയും കേന്ദ്രം തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 2018 ആഗസ്റ്റില്‍ പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിംഗ് സാധ്യമാക്കുന്നതിന് 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിക്കുകയും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാറുകളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയും ചെയ്തു. ശേഷം വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ടിംഗ് സൗകര്യം പ്രാപ്തമാക്കുന്ന ജനപ്രാതിനിധ്യ(ഭേദഗതി) ബില്‍ ലോക്സഭ പാസ്സാക്കി. പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യത്തിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. എന്നാല്‍ 2021 മാര്‍ച്ചിനു ശേഷം കേസിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ഈ പ്രക്രിയിയില്‍ നിന്ന് പുറത്താണെന്നത് ആശാവഹമായ കാര്യമല്ല. പതിറ്റാണ്ടുകളായി ഒരു ജനത മുഴുവന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ അടിയന്തരമായി പരിഹാരം ഉണ്ടാകണം. തപാല്‍ ബാലറ്റുകളോ പ്രോക്‌സി വോട്ടിംഗ് സംവിധാനമോ ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്നത് ലോകത്തെങ്ങുമുള്ള പ്രവാസ സമൂഹത്തിന്റെ ആവശ്യമാണ്.