Connect with us

Ongoing News

പ്രതീക്ഷകള്‍ വാനോളം; ഏഷ്യയില്‍ കുതിക്കാനൊരുങ്ങി ഇന്ത്യ

ഇത്തവണ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും പല തവണ ഉയരുമെന്നു തന്നെയാണ് കായികലോകം ഉറച്ചു വിശ്വസിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | 19ാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്‌യുവില്‍ സെപ്തംബര്‍ 23ന് തിരശ്ശീല ഉയരാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വാനോളം. വിവിധ ഇനങ്ങളിലായി രാജ്യത്തിനായി മെഡല്‍ നേടാന്‍ കെല്‍പ്പും പ്രാപ്തിയുമുള്ള, ഇതിനകം പല ചാമ്പ്യന്‍ഷിപ്പുകളിലായി കഴിവു തെളിയിച്ചിട്ടുള്ള താരങ്ങള്‍ നിരവധിയാണ്.

ഇത്തവണ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും പല തവണ ഉയരുമെന്നു തന്നെയാണ് കായികലോകം ഉറച്ചു വിശ്വസിക്കുന്നത്.

മെഡല്‍ പ്രതീക്ഷയുണര്‍ത്തുന്ന താരങ്ങളും ടീം ഇനങ്ങളും:
നീരജ് ചോപ്ര (പുരുഷ വിഭാഗം ജാവലിന്‍ ത്രോ)
2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ സ്വര്‍ണ മെഡല്‍ നിലനിര്‍ത്തുകയെന്ന ദൗത്യമാണ് ജാവലിന്‍ താരം നീരജ് ചോപ്രക്കുള്ളത്. അടുത്തിടെയായി നീരജ് നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങള്‍ അത് സാധ്യമാക്കുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.

88.06 മീറ്ററിന്റെ ദൂരം കണ്ടെത്തിയാണ് നീരജ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ഇനത്തിലെ ഏറ്റവും ഉയര്‍ന്ന പോഡിയത്തില്‍ കയറിനിന്നത്. അതില്‍ പിന്നീട് ലോക, ഒളിംപിക്, ഡയമണ്ട് ലീഗ് എന്നിവയിലെല്ലാം നീരജ് ചാമ്പ്യനായി. 89.94 മീറ്റര്‍ ആണ് താരം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും കൂടിയ ദൂരം. ദോഹ ഡയമണ്ട് ലീഗില്‍ 88.67 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ഒന്നാമതെത്തിയതാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം.

നിഖത് സരീന്‍ (ബോക്‌സിങ്- വനിതകളുടെ 50 കിലോഗ്രാം)
ബോക്‌സിങ് 50 കിലോഗ്രാം വനിതാ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യനും കോമണ്‍വെല്‍ത്ത് ചാമ്പ്യനുമാണ് നിഖത് സരീന്‍. എന്നാല്‍, ഏഷ്യന്‍ ഗെയിംസില്‍ ഇതിനു മുമ്പ് മത്സരിക്കാന്‍ സരീന് സാധിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസിലെ തന്റെ ആദ്യ ഉദ്യമത്തില്‍ 27കാരിയായ നിസാമാബാദുകാരി സ്വര്‍ണം കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷ.

ഏഷ്യാഡ്, 2024ലെ പാരീസ് ഒളിംപിക്‌സിലേക്കുള്ള യോഗ്യതാ ചാമ്പ്യന്‍ഷിപ്പ് കൂടിയായതിനാല്‍ ഒരു ഒളിംപിക് മെഡല്‍ നേടുകയെന്ന തന്റെ ആത്യന്തിക സ്വപ്‌നത്തിലേക്കടുക്കാന്‍ ഗെയിംസിലെ വിജയം സരീന് സഹായകമാകും.

പുരുഷ ഹോക്കി ടീം
ലോകത്തെ തന്നെ മികവുറ്റ താരനിരയുള്ള ഇന്ത്യന്‍ ഹോക്കി ടീമിന് പക്ഷെ 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ ഏഷ്യന്‍ കിരീടം സ്വന്തമാക്കാനായാല്‍ ടീമിന് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യന്‍ സംഘത്തിന് ഉയര്‍ച്ച താഴ്ചകളുടെ ഒരു പരമ്പരയെ തന്നെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഒളിംപിക് മെഡലിനുള്ള 41 വര്‍ഷത്തെ കാത്തിരിപ്പ് 2021ല്‍ വെങ്കല മെഡല്‍ നേടുന്നതിലാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി സ്വന്തമാക്കാനും ടീമിനായി.

പക്ഷെ, ഈ വര്‍ഷമാദ്യം രാജ്യത്ത് നടന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ ടീം പരാജയപ്പെട്ടു. പരിശീലക സ്ഥാനത്ത് ഗ്രഹാം റെയ്ഡിനെ മാറ്റി ക്രെയ്ഗ് ഫള്‍ട്ടനെ പ്രതിഷ്ഠിച്ചതോടെ വേണ്ട സമയത്ത് ഫോമിലേക്കുയരാന്‍ ടീമിന് കഴിയുന്നുണ്ടെന്നതാണ് പ്രതീക്ഷയേറ്റുന്നത്. അടുത്തിടെ ചെന്നൈയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മലേഷ്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരാകാന്‍ സംഘത്തിന് കഴിഞ്ഞു.

രോഹന്‍ ബൊപണ്ണ (പുരുഷ ടെന്നിസ്, ഡബിള്‍സ്)
പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ ടെന്നിസ് താരം രോഹന്‍ ബൊപണ്ണയില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 43ാം വയസില്‍ കായിക ജീവിതത്തിലെ തന്നെ മികച്ചൊരു സീസണിലൂടെയാണ് താരം യാത്ര ചെയ്യുന്നത്. സഹതാരം ആസ്‌ത്രേലിയയുടെ മാത്യു എബ്ഡനുമായി ചേര്‍ന്ന് ദോഹയില്‍ നടന്ന എ ടി പി ടൂര്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ വെല്‍സ് 2023 ടൂര്‍ണമെന്റിലും വിജയം നേടാന്‍ ബൊപണ്ണക്ക് സാധിച്ചു. യു എസ് ഓപണില്‍ വെള്ളി നേടിയ സഖ്യം വിംബിള്‍ഡണിന്റെ സെമിയിലുമെത്തി.

1968ല്‍ തുടക്കമിട്ട ഓപണ്‍ ഇറയില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായമേറിയ ആദ്യ താരമെന്ന ബഹുമതിയും ബൊപണ്ണയെ തേടിയെത്തി. ലോക ഏഴാം നമ്പറായ ബൊപണ്ണ എ ടി പി റാങ്കിങിലെ ആദ്യ 20ല്‍ ഉള്‍പ്പെടുന്ന ഏക ഏഷ്യന്‍ താരം കൂടിയാണ്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദിവിജ് ശരണിനൊപ്പം സ്വര്‍ണം കൊയ്ത താരം കൂടിയാണ് ബൊപണ്ണ. ഇത്തവണ ദിവിജ് ടെന്നീസ് സ്‌ക്വാഡില്‍ ഇല്ല. അതിനാല്‍ത്തന്നെ ബൊപണ്ണയുടെ ഡബിള്‍സ് പാര്‍ട്ണര്‍ ആരായിരിക്കുമെന്ന് ടെന്നീസ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.

പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍
ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റമാണ് ഹാങ്‌യുവില്‍ നടക്കാനിരിക്കുന്നത്. ചാമ്പ്യന്മാരാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നവയാണ് ഇരു സ്‌ക്വാഡുകളും.

റുതുരാജ് ഗെയ്ക്വാദാണ് പുരുഷ ടീമിനെ നയിക്കുന്നത്. വനിതാ ടീമിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. ഹര്‍മന്‍ പ്രീത് കൗര്‍ ആയിരുന്നു ടീമിന്റെ ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ടായിരുന്നത്. എന്നാല്‍, ബംഗ്ലാദേശിനെതിരായ ഏകദിനത്തിലുണ്ടായ മോശം പെരുമാറ്റത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടിയെടുത്തതിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുള്ളതിനാല്‍ ഫൈനലിലെത്തിയാല്‍ മാത്രമേ കൗറിന് ടീമിനൊപ്പം ചേരാനാകൂ. പുരുഷ ടീമും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

കോംപൗണ്ട് ആര്‍ച്ചറിയില്‍ ജ്യോതി സുരേഖ വെന്നം, ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക്‌സെയ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം, പുരുഷ വിഭാഗം 10 മീറ്റര്‍ റൈഫിളില്‍ രുദ്രാംഷ് പാട്ടീല്‍, ഡെക്കാത്‌ലോണില്‍ തേജസ്വിന്‍ ശങ്കര്‍, വനിതകളുടെ 49 കിലോഗ്രാം ഭാരദ്വോഹനത്തില്‍ മിരാഭായ് ചാനു എന്നിവരും ഗെയിംസില്‍ രാജ്യത്തിന്റെ ഫേവറിറ്റുകളാണ്.