Editorial
അസം- മേഘാലയ കരാറിലെ പ്രതീക്ഷകൾ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ് എന്നിവ തമ്മിൽ രൂക്ഷമായ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്ക് പ്രചോദനമാകുന്ന ചുവടുവെപ്പെന്ന നിലയിലാണ് അസം- മേഘാലയ കരാറിനെ കാണേണ്ടത്.
അര നൂറ്റാണ്ട് നീണ്ട അതിർത്തി തർക്കത്തിന് അന്ത്യംകുറിക്കാനുതകുന്ന കരാറിൽ അസമും മേഘാലയയും ഒപ്പുവെച്ചുവെന്നത് തികച്ചും സ്വാഗതാർഹമായ മുന്നേറ്റമാണ്. ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കമുള്ള 12 മേഖലകളിൽ ആറ് എണ്ണത്തിന്റെ കാര്യത്തിലാണ് ധാരണയിലെത്തിയത്. ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച കരാർ ഒപ്പിട്ടത്.
ഇരു സംസ്ഥാനങ്ങളും തമ്മിൽ 884.9 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ആറിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടെ 70 ശതമാനം തർക്കങ്ങളും അവസാനിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. ആറ് പ്രദേശങ്ങളിലായി 36.79 ചതുരശ്ര കിലോമീറ്റർ വരുന്ന 36 ഗ്രാമങ്ങളാണ് കരാറിന്റെ പരിധിയിൽ വരുന്നത്. താരാബാരി, ഗിസാംഗ്, ഹാഹിം, ബോക്‌ലാപാറ, ഖാനാപാറ-പില്ലാംഗ്കാട്ടാ തുടങ്ങിയ മേഖലകളാണ് കരാറിന്റെ പരിധിയിൽ വരുന്നത്. ജനുവരിയിൽ അമിത് ഷാക്ക് നൽകിയ കരട് കരാറിന്റെ അടിസ്ഥാനത്തിലാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. കരട് കരാർ ആഭ്യന്തര മന്ത്രാലയം വിശദമായി പരിശോധിച്ചിരുന്നു. ഇതുപ്രകാരം 18.51 ചതുരശ്ര കിലോമീറ്റർ അസം കൈവശം വെക്കും. ബാക്കിയുള്ള 18.28 ചതുരശ്ര കിലോമീറ്ററിന്റെ നിയന്ത്രണം മേഘാലയക്കും ലഭിക്കും.
1972ൽ അസമിൽ നിന്നുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി മേഘാലയ സംസ്ഥാനം രൂപപ്പെടുത്തിയതോടെയാണ് തർക്കം തുടങ്ങിയത്. സംസ്ഥാന വിഭജന രേഖയിലെ വിവിധ വകുപ്പുകൾ വ്യാഖ്യാനിച്ച് തർക്കം ഉടലെടുക്കുകയായിരുന്നു. ആറ് അതിർത്തി ഗ്രാമങ്ങളെ കുറിച്ച് തർക്കം ഇനിയും അവശേഷിക്കുകയാണ്. ഇപ്പോൾ പരിഹൃതമാകുന്ന പ്രശ്‌നങ്ങളേക്കാൾ രൂക്ഷമാണ് ഈ ഇടങ്ങളെ കുറിച്ചുള്ള ഭിന്നത. അസം- മേഘാലയ കരാറിനെ ബി ജെ പിയും കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നവരും ആഘോഷിക്കുമ്പോൾ മൂന്നിടങ്ങളിൽ കൊടുക്കൽ വാങ്ങൽ നടന്നിട്ടില്ലെന്നാണ് കോൺഗ്രസ്സ് പറയുന്നത്. എന്നുവെച്ചാൽ തർക്കം തുടരാനുള്ള വെടിമരുന്ന് അവിടെയുണ്ടെന്ന് തന്നെയാണ് അർഥം. സർവേ ഓഫ് ഇന്ത്യ പുതിയ സംസ്ഥാന അതിർത്തി വരക്കേണ്ടതുണ്ട്. അതിന് പാർലിമെന്റിന്റെ അംഗീകാരം ലഭിക്കുകയും വേണം.
പലപ്പോഴും തർക്ക പ്രദേശങ്ങളിലേക്ക് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് സഞ്ചരിക്കാനോ ചരക്ക് നീക്കം നടത്താനോ സാധ്യമാകാത്ത വിധം തർക്കങ്ങൾ സംഘർഷത്തിൽ കലാശിക്കാറുണ്ട്. ഭ്രാന്തമായ പ്രാദേശിക ദേശീയതക്ക് തീപ്പിടിക്കുകയാണ് ചെയ്യാറുള്ളത്. ശത്രു രാജ്യങ്ങളെപ്പോലെയാണ് ഈ ഘട്ടങ്ങളിൽ ജനങ്ങൾ പെരുമാറുക. വലിയ സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും കാര്യങ്ങൾ നീങ്ങും. ഈ സംഘർഷങ്ങൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ സംവിധാനവും കൈക്കൊള്ളാറുള്ളത്. നടുവിൽ നിന്ന് ശാന്തത സൃഷ്ടിക്കേണ്ട കേന്ദ്ര സർക്കാറാകട്ടേ, രാഷ്ട്രീയ നേട്ടത്തിനായി അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ് എന്നിവ തമ്മിൽ രൂക്ഷമായ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്ക് പ്രചോദനമാകുന്ന ചുവടുവെപ്പെന്ന നിലയിലാണ് അസം- മേഘാലയ കരാറിനെ കാണേണ്ടത്. 2021 ജൂലൈയിൽ അഞ്ച് പോലീസുകാരുടെയും ഒരു സാധാരണക്കാരന്റെയും മരണത്തിൽ കലാശിച്ച ഏറ്റുമുട്ടൽ നടന്നത് അസമും മിസോറാമും തമ്മിലുള്ള അതിർത്തി തർക്കത്തിലാണ്. അമിത് ഷാ നേരിട്ട് ഇടപെടുകയും ഇരു പക്ഷത്തെയും നേതാക്കൾ സംസാരിക്കുകയും ചെയ്തതിന് തൊട്ടു പിറകേയായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു ഭാഗത്തും എടുത്ത കേസുകൾ പിൻവലിക്കാനും പ്രകോപനപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനമായതാണ്. എന്നാൽ, ഇതൊന്നും താഴേത്തട്ടിൽ എത്തിയില്ലെന്നാണ് തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഘർഷം സാക്ഷ്യപ്പെടുത്തിയത്. അതുകൊണ്ട് മുകൾത്തട്ടിൽ ഉണ്ടാക്കുന്ന നീക്കുപോക്കുകൾ ജനങ്ങളിലേക്ക് അതേ അളവിൽ എത്തിയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരു സമയത്ത് ഈ നേതാക്കൾ തന്നെയാണ് വികാരം കത്തിച്ചത് എന്നതിനാൽ കെടുത്താനും നേതാക്കൾ മുന്നിട്ടിറങ്ങണം.
ദേശീയതയെ കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും ഹൈ വോൾട്ടേജിൽ സംസാരിക്കുന്ന ബി ജെ പിയാണ് ഈ സംസ്ഥാനങ്ങളിലെ ഭരണത്തിന് നേതൃത്വം നൽകുന്നതെന്നോർക്കണം. അസമിൽ ബി ജെ പി നേരിട്ട് ഭരിക്കുന്നു. മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട്, ബി ജെ പിയുടെ മുൻകൈയിൽ രൂപവത്കരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ സഖ്യകക്ഷിയാണ്. തീവ്രമായ സംസ്ഥാന വികാരത്തിന് വളം വെച്ച് കൊടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ നയം തന്നെയാണ് ഈ അവസ്ഥക്ക് കാരണം. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിന് പിറകേ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ സമരത്തോട് കേന്ദ്ര സർക്കാർ പ്രതികരിച്ചത് നോക്കിയാൽ ഇത് മനസ്സിലാകും. സി എ എ പ്രകാരം പുറത്ത് നിന്ന് കൊണ്ടുവരാൻ പോകുന്ന ഒരാളെയും സ്വീകരിക്കാനാകില്ലെന്ന് ആക്രോ ശിച്ചായിരുന്നു അവിടെ പ്രക്ഷോഭം. ഒടുവിൽ ഈ സംസ്ഥാനങ്ങൾക്കെല്ലാം ഇന്നർ ലൈൻ പെർമിറ്റ് (ഐ എൽ പി)അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പുറത്ത് നിന്നുള്ളവർക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി നിർബന്ധമാക്കുന്ന സംവിധാനമാണ് ഐ എൽ പി.
കശ്മീരിൽ നടപ്പാക്കിയതും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടപ്പാക്കാനായി കരുക്കൾ നീക്കുന്നതുമായ വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ബി ജെ പി നേതാക്കൾ. തർക്ക സംസ്ഥാനങ്ങളോട് സംയമനം പാലിക്കണമെന്ന് പറയാനുള്ള ആത്മബലം അവർക്ക് കുറയും. ഏതായാലും അസമിനും മേഘാലയക്കുമിടയിലുണ്ടായ സംയമനവും വിട്ടുവീഴ്ചയും പ്രതീക്ഷാ നിർഭരമാണ്. ആ ദിശയിൽ നീങ്ങാൻ എല്ലാവർക്കും സാധിക്കട്ടേ. രാജ്യത്തിനകത്ത് രാജ്യങ്ങൾ ഉണ്ടാകരുതല്ലോ.