Kerala
ബിജെപിക്കാരുടെ കൊലക്കത്തി പ്രതീക്ഷിക്കുന്നു; അശേഷം ഭയമില്ല: സന്ദീപ് വാര്യർ
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് എതിരെ കൊലവിളി മുദ്രാവാക്യമുയർത്തി കഴിഞ്ഞ ദിവസം അഴീക്കോട് പ്രകടനം നടന്നിരുന്നു.

പാലക്കാട് | ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിൽ തനിക്ക് അശേഷം ഭയമില്ലെന്നും ബിജെപിക്കാരുടെ കൊലക്കത്തി പ്രതീക്ഷിച്ചുതന്നെയാണ് നിൽക്കുന്നതെന്നും സന്ദീപ് വാര്യർ. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് എതിരെ കൊലവിളി മുദ്രാവാക്യമുയർത്തി കഴിഞ്ഞ ദിവസം അഴീക്കോട് പ്രകടനം നടന്നിരുന്നു. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയായരിന്നു മുദ്രാവാക്യം വിളി.
‘എന്നെ പാട്ടാപ്പകൽ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബി.ജെ.പിക്കാർക്ക് ഇതെന്തുപറ്റി? മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ. സുരേന്ദ്രൻ പറയുന്നു. പത്രം ആപ്പീസുകൾക്കുള്ളിൽ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. അസഹിഷ്ണുതയുടെ, വെറുപ്പിന്റെ കൂടാരമായി മാറിയ നിങ്ങളിൽനിന്ന് അകന്നു നടക്കാൻ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് നിങ്ങൾ തന്നെ വീണ്ടും വീണ്ടും എന്നെ ബോധ്യപ്പെടുത്തുകയാണ്’ – സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യം കേട്ടു. ഒറ്റുകാരനായ എന്നെ പാട്ടാപ്പകൽ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബിജെപിക്കാർക്ക് ഇതെന്തുപറ്റി ? മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രൻ പറയുന്നു. പത്രം ആപ്പീസുകൾക്കുള്ളിൽ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡണ്ട് പറയുന്നത്.
അസഹിഷ്ണുതയുടെ , വെറുപ്പിന്റെ കൂടാരമായി മാറിയ നിങ്ങളിൽ നിന്ന് അകന്നു നടക്കാൻ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് നിങ്ങൾ തന്നെ വീണ്ടും വീണ്ടും എന്നെ ബോധ്യപ്പെടുത്തുകയാണ്.
നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഞാനിരിക്കുന്നത്. എനിക്ക് അശേഷം ഭയമില്ല. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിനകത്താണ് ഇരിക്കുന്നത്. അത് ഞാനല്ല.
എനിക്ക് നേരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയ യുവമോർച്ചയോടാണ് പറയാനുള്ളത്. എൻ്റെ നേരെ കൊലവിളി മുദ്രാവാക്യം വിളിക്കാൻ കാണിച്ച ആത്മാർത്ഥതയുടെ നൂറിൽ ഒരംശം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ കേരളത്തിലെ 13 ജില്ലയിലും കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലി നടക്കേണ്ടതായിരുന്നു. നിങ്ങൾക്കിപ്പോൾ ജയകൃഷ്ണൻ മാസ്റ്റർ പോലും കണ്ണൂരിൽ മാത്രം ഒതുക്കേണ്ട പേരായല്ലോ.
ബാക്കിയുള്ള ജില്ലകളിൽ പാർട്ടി ആപ്പീസിനകത്ത് പേരിനൊരു പുഷ്പാർച്ചന. ജയകൃഷ്ണനെ വെട്ടിയരിഞ്ഞ സിപിഎമ്മുമായി കേരളത്തിൽ നാണമില്ലാതെ സഖ്യം ചേർന്ന ബിജെപി നേതൃത്വത്തെ ചോദ്യംചെയ്യാൻ, സകല കേസുകളിൽ നിന്നും വാടിക്കൽ രാമകൃഷ്ണൻ്റെ
കൊലയാളിയായ പിണറായി വിജയനെ രക്ഷിച്ചെടുക്കുന്ന ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ നട്ടെല്ല് നിവർത്തി എതിർക്കാൻ തന്റേടം ഉള്ള ഒരുത്തൻ പോലും നിങ്ങൾക്കിടയിൽ ഇല്ലല്ലോ.
കെ ടി ജയകൃഷ്ണൻ അനുസ്മരണ റാലി പോലും സിപിഎമ്മിന്റെ തീട്ടൂരത്തിന് വഴങ്ങി കണ്ണൂരിലേക്ക് മാത്രമായി ഒതുക്കിയ കെ സുരേന്ദ്രനും കൂട്ടാളികൾക്കും എതിരെ ശബ്ദിക്കാൻ നട്ടെല്ലില്ലാത്തവർ എന്നെ ഭീഷണിപ്പെടുത്താൻ വരരുത്.
നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി തരാൻ സൗകര്യമില്ല.