Connect with us

Health

ചെലവ് ഭീമം; ക്യാൻസറിന് മുന്നിൽ ‘മുട്ടുമടക്കി' സാധാരണക്കാർ

കഴിഞ്ഞ വർഷം 59,143 പേർക്ക് ക്യാൻസർ സ്ഥിരീകരിക്കുകയും 32,271 പേർ മരിക്കുകയും ചെയ്തു

Published

|

Last Updated

കൊച്ചി | ക്യാൻസറിനെ ചികിത്സിച്ച് ഭേദമാക്കാൻ സാധാരണക്കാർക്ക് ഇപ്പോഴും സാമ്പത്തികം വിലങ്ങാകുന്നു. ഭീമമായ ചികിത്സാ ചെലവും തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിയാനാകാത്തതുമാണ് പ്രധാന വെല്ലുവിളി.

അവസാനഘട്ടത്തിലെത്തുമ്പോഴാണ് പലപ്പോഴും ക്യാൻസർ തിരിച്ചറിയുന്നത് തന്നെ. പിന്നീട് വീടും സ്വത്തും വിറ്റ് ചികിത്സിച്ചാലും രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകാത്ത അവസ്ഥയാണ്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിൽ ലഭിച്ച കണക്ക് പ്രകാരം കഴിഞ്ഞ ഒരു വർഷം രാജ്യത്ത് 15 ലക്ഷം പേർക്കാണ് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചത്. രോഗം 80,000ത്തിലേറെ പേരുടെ ജീവനെടുത്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരിൽ മിക്കവരുടെയും കണക്കുകൾ ലഭ്യമല്ലാത്തതിനാൽ യഥാർഥ കണക്ക് ഇതിലുമേറും. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 59,143 പേർക്ക് ക്യാൻസർ സ്ഥിരീകരിക്കുകയും 32,271 പേർ മരിക്കുകയും ചെയ്തു. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കേരളത്തിലെ രോഗികളുടെ എണ്ണം. ഒരു ലക്ഷം പേരിൽ 169 പേർക്ക് ക്യാൻസറുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ആർ സി സിയിൽ മാത്രം ദിവസവും 550 ലേറെ പേരാണ് ചികിത്സ തേടിയെത്തുന്നത്.

രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ചികിത്സക്കാവശ്യമായ സൗകര്യം ഒരുക്കാൻ സർക്കാർ തലത്തിൽ സംവിധാനങ്ങളില്ലാത്തത് വലിയ വെല്ലുവിളിയാണ്. 40 വർഷം മുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ച റീജ്യനൽ ക്യാൻസർ സെൻ്ററും 20 വർഷം മുമ്പ് തലശ്ശേരിയിൽ തുടങ്ങിയ മലബാർ ക്യാൻസർ സെൻ്ററുമാണ് സർക്കാർ തലത്തിലെ എടുത്തുപറയാനുള്ള ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ. ഇവിടത്തെ ചികിത്സാ സൗകര്യങ്ങൾ തന്നെ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

Latest