Connect with us

pegasusspyware

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി

റിട്ട. ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി; കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി- രാജ്യ സുരക്ഷ പറഞ്ഞ് കോടതിയെ മൂകസാക്ഷിയാക്കാന്‍ അനുവദിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സ്വതന്ത്ര വിദഗ്ധ സമിതി രൂപവത്ക്കരിച്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. റിട്ട. ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാകും അന്വേഷണം നടത്തുകയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവനയില്‍ പറഞ്ഞു. ഈ സമിതി എല്ലാ കാര്യങ്ങളും പരിശോധിക്കും. കോടതിയുടെ മേല്‍നോട്ടത്തിലാകും സമിതി പ്രവര്‍ത്തിക്കുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍  റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹരജിയിലാണ് വിധി.

റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി), ഡോ.പി പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ), ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ( മുംബൈ ഐ ഐ ടി ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

രാജ്യത്ത പൗരന്‍മാര്‍ക്ക് എതിരെ പെഗാസസ് ഉപയോഗിച്ചോ?, സര്‍ക്കാര്‍ ഏജന്‍സി പൗരന്‍മാര്‍ക്കെതിരെ പെഗാസസ് ഉപയോഗിച്ചോ?, ഇരയായവര്‍ ആരൊക്കെ? 2019ലെ വിവാദത്തിന് ശേഷം കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു?, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പെഗാസസ് വാങ്ങിയോ? സര്‍ക്കാര്‍ ഏജന്‍സി പൗരന്‍മാര്‍ക്കെതിരെ പെഗാസസ് ഉപയോഗിച്ചു, സ്വകാര്യ വ്യക്തി പൗരന്‍മാര്‍ക്കെതിരെ പെഗാസസ് ഉപയോഗിച്ച? സമിതിക്ക് ഇതുമായി ബന്ധപ്പെട്ട് തോന്നുന്ന മറ്റ് കാര്യങ്ങള്‍ തുടങ്ങിയ ഏഴ് വിഷയങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക.

സമിതി അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കണം. എട്ട് ആഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാന്‍ കോടതി അഗ്രഹിക്കുന്നില്ല. എന്നാല്‍ ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. പൗരന്റെ സ്വകാര്യത മാനിക്കേണ്ടതുണ്ട്. ഇത് സംരക്ഷിക്കും. അതേ സമയം രാജ്യ സുരക്ഷയും പ്രധാനമാണ്. രാജ്യ സുരക്ഷ പറഞ്ഞ് കോടതിയെ മൂകസാക്ഷിയാക്കാന്‍ അനുവദിക്കില്ല. സത്യാവസ്ഥ പുറത്തുവരണം. ഇതിനാണ് വിദഗ്ധ സമിതി –  കോടതി വധി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കാമെന്ന ആവശ്യത്തെ എതിര്‍ ഹരജിക്കാന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഇത് അംഗീകരിക്കുന്ന നിലപാടാണ് കോടതിയില്‍ നിന്നുണ്ടായത്. വിദഗ്ധ സമിതിക്ക് കോടതി മേല്‍നോട്ടം നല്‍കുമെന്ന സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

കഴിഞ്ഞ മാസം 13നാണ് ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്.ഇസ്‌റാഈല്‍ കമ്പനിയായ എന്‍ എസ് ഒ നിര്‍മിച്ച പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഭീകരവാദികള്‍ക്ക് ഗുണകരമാകുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മൗലികാവകാശ ലംഘനം ഉയര്‍ത്തിയുള്ള ഹരജികളാണ് മുന്നിലുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു