Kerala
പേവിഷബാധ: വിദഗ്ധ സമിതിയെ നിയമിച്ചു
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയിൽ ഒമ്പത് അംഗങ്ങളുണ്ടാകും.
photo- hasanul basari
തിരുവനന്തപുരം | ആൻ്റി റാബിസ് വാക്സിനെടുത്തിട്ടും പേവിഷബാധാ മരണം വർധിക്കുന്ന പശ്ചാത്തലത്തിൽ പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പഠനം നടത്താത്തതിൽ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ സമിതിയെ നിയമിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയിൽ ഒമ്പത് അംഗങ്ങളുണ്ടാകും. പത്തനംതിട്ട റാന്നിയിൽ 12കാരി അഭിരാമിയാണ് ഒടുവിൽ മരിച്ചത്. അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ മാസം 26ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും സമിതി നിലവിൽ വന്നില്ല. പേവിഷബാധക്ക് കാരണമാകുന്ന വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തും. സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് പന്ത്രണ്ടുകാരിയായ അഭിരാമി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ ആഗസ്റ്റ് 14നാണ് വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ കുട്ടിയെ നായ കടിച്ചത്. കുട്ടിയുടെ മുഖത്തും കാലിനുമായി ഒമ്പതിടത്ത് കടിയേറ്റിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് വാക്സിന്‍ നല്‍കി.
പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ട പെണ്‍കുട്ടിയെ അസുഖങ്ങളെ തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. സംസ്ഥാനത്ത് നേരത്തേയും വാക്സിനെടുത്തിട്ടും പേവിഷബാധയുണ്ടായി ആളുകൾ മരിച്ചിരുന്നു.