Kerala
മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കണം: ഹൈക്കോടതി
വിഷയത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. നിയമവിരുദ്ധ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്താനും ശ്രമങ്ങളുണ്ടാകണം.
കൊച്ചി | അരിക്കൊമ്പന്റെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം നിലനിര്‍ത്തണമെന്ന് വനം വകുപ്പിന് ഹൈക്കോടതി നിര്‍ദേശം. മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
റേഡിയോ കോളര്‍ വഴി അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്നാട് വനാതിര്‍ത്തിയിലാണ് നിലവില്‍ ആന ഉള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
വിഷയത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്താനും ശ്രമങ്ങളുണ്ടാകണമെന്നും കോടതി വീണ്ടും ഓര്‍മിപ്പിച്ചു. ഇതിനായി ടാസ്‌ക് ഫോഴ്സ് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കാനും കോടതി നിര്‍ദേശം നല്‍കി. നിലവിലെ കേസിന്റെ അമിക്കസ് ക്യൂറി രമേശ് ബാബുവാകും സമിതി അധ്യക്ഷന്‍ എന്നും കോടതി വ്യക്തമാക്കി. മറ്റ് അംഗങ്ങളെ ശിപാര്‍ശ ചെയ്യാനും സര്‍ക്കാരിനോട് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മൃഗങ്ങളെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി അഭിപ്രായപ്പെട്ടു. അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. ഇതിനിടയില്‍ ദൗത്യ സംഘവുമായി സഹകരിക്കാത്ത ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റിനെ കോടതി വിമര്‍ശിച്ചു. ടാസ്‌ക് ഫോഴ്സ് യോഗത്തിന്റെ മിനുട്സ് കിട്ടിയില്ലെന്ന പ്രസിഡന്റിന്റെ പരാതിയിലാണ് കോടതി പരാമര്‍ശം. ജനപ്രതിനിധികള്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്നങ്ങള്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ താക്കീത് നല്‍കി. പ്രദേശത്ത് മാലിന്യ നീക്കത്തില്‍ വീഴ്ച വരുത്തുന്നതും മൃഗങ്ങള്‍ നാടിറങ്ങാനുള്ള കാരണമെന്നും കോടതി പറഞ്ഞു. ഭക്ഷണാവശിഷ്ടങ്ങളില്‍ ആകൃഷ്ടരായി മൃഗങ്ങള്‍ എത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.