National
ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് വിദഗ്ധ കൗൺസിലിംഗ് ഉറപ്പാക്കണം: സുപ്രീം കോടതി
പീഡനത്തിന് ഇരയായ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും കോടതി
ന്യൂഡൽഹി | ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിച്ച ചൈൽഡ് കൗൺസിലറുടെയോ ചൈൽഡ് സൈക്കോളജിസ്റ്റിന്റെയോ കൗൺസിലിംഗ് സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്കും ലീഗൽ സേവന അധികാരികൾക്കും സുപ്രിം കോടതി നിർദേശം. കഷ്ടത അനുഭവിക്കുന്ന കുട്ടികളെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇത് സഹായിക്കുമെന്നും അതുവഴി അവർക്ക് ഭാവിയിൽ മെച്ചപ്പെട്ട ജീവിതം നയിക്കാനാകുമെന്നും ജസ്റ്റിസ് അഭയ് എസ് ഓക്ക്, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പീഡനത്തിന് ഇരയായ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഇരയായ കുട്ടിയുടെ സാമൂഹിക അന്തരീക്ഷം അവരുടെ പുനരധിവാസത്തിന് എല്ലായ്‌പ്പോഴും അനുകൂലമായിരിക്കണമെന്നില്ല. കേവലം ധന നഷ്ടപരിഹാരം മാത്രം പോരെന്നും അത് യഥാർത്ഥ അർത്ഥത്തിൽ പുനരധിവാസത്തിന് തുല്യമാകില്ലെന്നും ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന പെൺകുട്ടികളുടെ പുനരധിവാസം കേന്ദ്ര സർക്കാരിന്റെ “ബേട്ടി ബച്ചാവോ ബേഠി പഠാവോ” കാമ്പെയ്‌നിന്റെ ഭാഗമാക്കണമെന്നും ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ അത് ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണെന്നും കൊടതി പറഞ്ഞു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് 12 വർഷമായി കുറച്ച രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാജസ്ഥാൻ സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.