Connect with us

Kerala

വീട്ടമ്മയുടെ മരണം: തുമ്പ കാരണമാകാമെന്നു വിദഗ്ധര്‍; മറ്റു കാരണമാകാമെന്ന് പോലീസ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പോലീസ് പറഞ്ഞു

Published

|

Last Updated

ആലപ്പുഴ | തുമ്പച്ചെടി തോരന്‍ കഴിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ വീട്ടമ്മ മരിച്ചതിന്റെ യഥാര്‍ഥ കാരണം വ്യക്തമായില്ല. ഇന്ദുവിന് മറ്റു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും അതാകാം മരണകാരണമെന്നുമാണ് പോലീസ് പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പോലീസിന്റെ പ്രതികരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുമ്പ തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസ് എഫ് ഐ ആര്‍.

ജീവിത ശൈലി രോഗമുള്ളവര്‍ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സസ്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവര്‍ക്ക് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്ന് റെസ്പിറേറ്ററി മെഡിസിന്‍ വിദഗ്ധന്‍ ഡോ. കെ വേണുഗോപാല്‍ പറഞ്ഞു.

ചേര്‍ത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ദുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.