Connect with us

Editors Pick

EXPLAINER | ഏകീകൃത പെൻഷൻ പദ്ധതി: നേട്ടങ്ങൾ എന്തെല്ലാം? പ്രയോജനം ആർക്കൊക്കെ?

കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്ക് കഴിഞ്ഞ 12 മാസങ്ങളിൽ വാങ്ങിയ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ഇതുവഴി ലഭിക്കും

Published

|

Last Updated

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ, ഫാമിലി പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിവ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി (യു പി എസ്) ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകിയത്. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്ക് കഴിഞ്ഞ 12 മാസങ്ങളിൽ വാങ്ങിയ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ഇതുവഴി ലഭിക്കും. കൂടാതെ, പ്രതിമാസം 10,000 രൂപ കുറഞ്ഞ പെൻഷനും ജീവനക്കാരുടെ പെൻഷൻ്റെ 60% കുടുംബ പെൻഷനും ഉറപ്പാക്കുകയും ചെയ്യുന്നു. വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയെ (AICPI-IW) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വർധനയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് വിരമിച്ചവരെ വർദ്ധിച്ചുവരുന്ന ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്നു.

പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പ് അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% തുല്യമായ പെൻഷൻ ലഭിക്കും. 25 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് സേവനമനുഷ്ഠിച്ച വർഷങ്ങൾക്ക് ആനുപാതികമായിരിക്കും പെൻഷൻ ലഭിക്കുക. യുപിഎസ് നേടാൻ കുറഞ്ഞത് 10 വർഷത്തെ സേവനം ആവശ്യമാണ്.

ഉറപ്പായ കുടുംബ പെൻഷൻ: ഒരു ജീവനക്കാരൻ മരിച്ചാൽ, അവരുടെ കുടുംബത്തിന്, അദ്ദേഷം അവസാനം വാങ്ങിയ പെൻഷൻ്റെ 60% മൂല്യമുള്ള പെൻഷൻ ലഭിക്കും.

മിനിമം പെൻഷൻ ഉറപ്പ്: കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള വിരമിച്ച ജീവനക്കാർക്ക് അവരുടെ സേവന കാലയളവിലെ വരുമാനം പരിഗണിക്കാതെ തന്നെ പ്രതിമാസം 10,000 രൂപ മിനിമം പെൻഷൻ ലഭിക്കും.

ലംപ്-സം പേയ്മെൻ്റ്:  പെൻഷനുപുറമെ, വിരമിക്കുമ്പോൾ ജീവനക്കാർക്ക് ഒരു മൊത്തത്തിലുള്ള പേയ്മെൻ്റ് ലഭിക്കും. ഇത് അവരുടെ അവസാനമായി ലഭിച്ച മാസ ശമ്പളത്തിൻ്റെ (ഡിഎ ഉൾപ്പെടെ) 1/10 ആയി കണക്കാക്കും. ഈ ഒറ്റത്തവണ തുക, പെൻഷൻ തുകയിൽ കുറവ് വരുത്തില്ല.

പണപ്പെരുപ്പ സംരക്ഷണം: പണപ്പെരുപ്പത്തിനൊപ്പം ജീവനക്കാരുടെ ശമ്പളം വർധിക്കും (ഡിയർനസ് റിലീഫ്) പോലെ പെൻഷനും ഉയരും. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയെ (AICPI-IW) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വർധന പെൻഷനുകാരന് ലഭിക്കും.

നേരത്തെ വിരമിച്ചവർ എന്ത് ചെയ്യും?

ദേശീയ പെൻഷൻ സംവിധാനത്തിന് (എൻപിഎസ്) കീഴിൽ കഴിഞ്ഞിരുന്ന വിരമിച്ചവർക്ക് യുപിഎസിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) നിരക്കിൽ കണക്കാക്കിയ പലിശയോടുകൂടിയ കുടിശ്ശികയും അവർക്ക് ലഭിക്കും.

സംഭാവന ഘടന: UPS-ന് കീഴിൽ ജീവനക്കാരുടെ സംഭാവനകൾ അതേപടി തുടരും. സർക്കാർ വിഹിതം 14% ൽ നിന്ന് 18.5% ആയി വർദ്ധിക്കും. ഇത് ജീവനക്കാർക്ക് ശക്തമായ പിന്തുണ ഉറപ്പാക്കും.
ആർക്കാണ് പ്രയോജനം?

ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ എൻപിഎസിനു കീഴിലുള്ള 90 ലക്ഷത്തിലധികം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന യുപിഎസ് സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരിക്കൽ തിരഞ്ഞെടുത്തത് അന്തിമമായിരിക്കും.

Latest