National
ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒമ്പത് പേര്‍ മരിച്ചു
ആറ് പേര്‍ക്ക് പരുക്ക്, പലരുടെയും നില ഗുരുതരം

അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു പടക്ക നിര്‍മാണശാലയില്‍ ഉണ്ടായിരുന്നത്. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പലരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.
പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ വിജയ കൃഷ്ണന് നിര്‍ദേശം നല്‍കി. ആഭ്യന്തര വകുപ്പ് മന്ത്രി വങ്കലപുഡി അനിത, എസ് പി എന്നിവരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചെന്നും ഇരകളുടെ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.