International
സ്റ്റേഡിയത്തിന് സമീപം സ്‌ഫോടനം; ബാബര്‍ അസമിനെയും ശാഹിദ് അഫ്രീദിയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്
ഇസ്‌ലാമാബാദ് | പാകിസ്ഥാന്‍ സൂപര്‍ ലീഗിൻ്റെ മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ബാബര്‍ അസം, ശാഹിദ് അഫ്രീദി ഉള്‍പ്പെടെയുള്ള താരങ്ങളെ കളത്തില്‍ നിന്ന് മാറ്റി.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കത്വയിലെ നവാബ് അക്തര്‍ ബക്തി സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിനിടെ ഏതാനും കിലോമീറ്റര്‍ അകലെയാണ് ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കളി നിർത്തിവെച്ച് താരങ്ങളെ കളത്തില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മാറ്റിയത്.
കായിക താരങ്ങളുടെ സുരക്ഷ പരിഗണിച്ച് മുന്‍കരുതല്‍ നടപടി എന്ന നിലക്കാണ് താരങ്ങളെ മാറ്റിയത്. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരത്തിനായി സ്റ്റേഡിയം നിറയെ കാണികള്‍ എത്തിയിരുന്നു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ തഹ് രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി) ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ച പോശവാറിലെ പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 101 പേര്‍ കൊല്ലപ്പെടുകയും 200ൽ പരം പേർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയുള്ള സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഇതുകൊണ്ടുതന്നെ പരുക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു.