Kerala
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

തൃശൂര്‍| ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂര്‍ അയ്യന്തോളിലെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ടാവാം തന്റെ വീടിന് എതിര്‍വശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നില്ല. താന്‍ കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയതായിരുന്നു. അതിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ വീടിന് എതിര്‍വശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്‌ഫോകടവസ്തു പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പടക്കത്തില്‍ ഉപയോഗിക്കുന്ന തരം തിരി ഇവിടെ കണ്ടെത്തിയിരുന്നു. വീടു മാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് സര്‍ദേശം നല്‍കിയിട്ടുണ്ട്.