Kerala
കേരളത്തില്‍ സ്‌ഫോടനാത്മകമായ സ്ഥിതി: പരിശുദ്ധ കാതോലിക്കാ ബാവ
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്.

കൊച്ചി | ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്നും ബ്രൂവറി വിഷയത്തില്‍ കാതോലിക്കാ ബാവ പറഞ്ഞു. സഭയ്ക്ക് രാഷ്ട്രീയമില്ല. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍.
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ്. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍ പോലെയായി യുവജനങ്ങള്‍ മാറി. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തില്‍ പഠിക്കണം. പുതുതലമുറ റീല്‍ ലൈഫില്‍ ജീവിക്കുന്നു. റിയല്‍ ലൈഫ് ഇല്ലാതായി.
കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണ്. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.