manipur riot
മെയ്തി വിഭാഗം ആയുധപ്പുര കൊള്ളയടിച്ചതോടെ മണിപ്പൂരില്‍ സ്‌ഫോടനാത്മക സാഹചര്യം
വന്‍ പ്രഹര ശേഷിയുള്ള മുന്നൂറിലധികം അത്യാധുനിക തോക്കുകളാണ് മെയ്തികള്‍ കൈവശപ്പെടുത്തിയത്
ഇംഫാല്‍ | സംഘര്‍ഷം കത്തിനില്‍ക്കുന്ന മണിപ്പൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കൈയ്യേറി മെയ്തി വിഭാഗം ആയുധങ്ങള്‍ കൈവശപ്പെടുത്തിയതോടെ മണിപ്പൂര്‍ പൊട്ടിത്തെറിയിലേക്കെന്നു ഭീതി പരന്നു.
ബിഷ്ണുപൂരിലെ സേനയുടെ ആയുധപ്പുര കൈയ്യേറി മെയ്തി വിഭാഗം വന്‍ പ്രഹര ശേഷിയുള്ള മുന്നൂറിലധികം അത്യാധുനിക തോക്കുകളാണു കൈവശപ്പെടുത്തിയത്. എകെ 47, ഇന്‍സാസ്, എം പി 3 റൈഫിള്‍സ് എന്നിവയും ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും സംഘം കൊള്ളയടിച്ചു. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എം എം എസ് എല്‍ ആര്‍ 195 എണ്ണം ജനക്കൂട്ടം കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 124 ഹാന്‍ഡ് ഗ്രേനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കൈവശപ്പെടുത്തിയെന്നാണു വിവരം.
ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പോലീസ് ശ്രമങ്ങള്‍ വിജയിച്ചില്ല. 327 റൗണ്ട് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല. 20 കണ്ണീര്‍വാതക ഷെല്ലുകളും പോലീസ് പ്രയോഗിച്ചു. സ്ത്രീകളടക്കം ആഞ്ഞൂറിലേറെ വരുന്ന സംഘമാണ് പോലീസ് ക്യാമ്പിലേക്ക് ഇടിച്ചു കയറിയത്.
ബിഷ്ണുപൂരിലും ബിജോയ്പൂരിലും ആയിരക്കണക്കിന് വരുന്ന മെയ്തി സംഘമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ഇംഫാല്‍-മോറെ ഹൈവേയില്‍ മൂവായിരത്തോളം വരുന്ന സംഘമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ബിജോയ്പൂരില്‍ തമ്പടിച്ച അക്രമികളെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പോലീസ് അസം റൈഫിള്‍സ് ബ്രിഗേഡിയന്റെ സഹായം തേടി.
ഇരുവിഭാഗവും ബങ്കറുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് മെയ്തെയ് വിഭാഗം വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നത്.