Uae
എക്സ്പോ 2020 ദുബൈ സന്ദര്‍ശകര്‍ 2 കോടി
192 രാജ്യങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചാണ് ആഗോള നഗരിയില്‍ ഒത്തുചേര്‍ന്നത്.
ദുബൈ | എക്സ്പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം 2 കോടി എന്ന ശ്രദ്ധേയമായ നാഴികക്കല്ലിലെത്തി. ലോകത്തെ വിറപ്പിച്ച കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകത്തെ യുഎഇയിലേക്ക് ആകര്‍ഷിപ്പിച്ചു നേടിയ ഈ വിസ്മയ നേട്ടം ആഘോഷിക്കുകയാണ് അധികൃതര്‍. 2.5 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി അരക്കോടി മാത്രം മതി. പതിനൊന്ന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സന്ദര്‍ശകരുടെ അക്കം അതിനെ മറികടക്കും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം എക്‌സ്‌പോ സന്ദര്‍ശകരില്‍ 70 ശതമാനം യുഎഇയില്‍ നിന്നുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ 28 ലക്ഷത്തിലധികം വരും.
സമാനതകളില്ലാത്ത സാംസ്‌കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികള്‍ സംയോജിപ്പിച്ച്, ഇതുവരെ നടന്നതില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി എക്‌സ്‌പോ 2020 മാറി. 192 രാജ്യങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചാണ് ആഗോള നഗരിയില്‍ ഒത്തുചേര്‍ന്നത്. ലോകനേതാക്കള്‍, അത്യാധുനിക കണ്ടുപിടുത്തങ്ങള്‍, കായിക താരങ്ങള്‍, അവാര്‍ഡ് ജേതാക്കള്‍, സൂപ്പര്‍സ്റ്റാറുകള്‍, പാചക പ്രമുഖര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒത്തുചേര്‍ന്നു. ഓരോ ദിവസവും പുതിയതും വ്യത്യസ്തവുമായ പരിപാടികള്‍ ഒരുക്കി. ഇതിനകം 32,000 പരിപാടികളാണ് അരങ്ങേറിയത്.
”ഞങ്ങള്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചു, ഞങ്ങള്‍ ഇത്രയും കാലം കഠിനാധ്വാനം ചെയ്തതിനോട് ലോകം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് നാഴികകല്ലായ ഈ സന്ദര്‍ശനങ്ങള്‍ കാണിക്കുന്നത്’ എക്സ്പോ 2020 ഹയര്‍ കമ്മിറ്റി ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിന്‍ സൗദ് അല്‍ മക്തൂം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തെവിടെയായിരുന്നാലും അവരുടെ എക്‌സ്‌പോ 2020 ഓര്‍മകള്‍ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും പങ്കിടുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞു.
എക്സ്പോ 2020 ഇത്രയധികം ജനപ്രീതി നേടിയതില്‍ തങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് യു എ ഇ സഹിഷ്ണുതാ മന്ത്രിയും എക്സ്പോ 2020 ദുബൈയുടെ സഹവര്‍ത്തിത്വ കമ്മീഷണറുമായ ശൈഖ് നഹ് യാന്‍ മബാറക് അല്‍ നഹ് യാനും പറഞ്ഞു. കാണാനും ആസ്വദിക്കാനും മാത്രമല്ല, സാമൂഹികവും പാരിസ്ഥിതികവുമായ വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും വഴിയൊരുങ്ങി. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
എക്സ്പോയില്‍ വരാനിരിക്കുന്ന ഇവന്റുകള്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്നതാണ്. വാട്ടര്‍ വീക്ക് മാര്‍ച്ച് 20-26 വരെ നടക്കും. തുടര്‍ ദിവസങ്ങളില്‍ നിരവധി രാജ്യങ്ങള്‍ ദേശീയ ദിനങ്ങള്‍ ആഘോഷിക്കും കാനഡ (മാര്‍ച്ച് 19), പാകിസ്ഥാന്‍ (മാര്‍ച്ച് 23), ദക്ഷിണാഫ്രിക്ക (മാര്‍ച്ച് 28), ഇന്ത്യ (മാര്‍ച്ച് 28) എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. മാര്‍ച്ച് 30-ന് വേള്‍ഡ് എക്സ്പോയുടെ ഗവേണിംഗ് ബോഡിയായ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്‍സിനെ ആദരിക്കുന്ന ഓണര്‍ ഡേയും നടക്കും.
ഇന്നും നാളെയും (ശനി, ഞായര്‍) സന്ദര്‍ശകരുടെ എണ്ണം റിക്കാര്‍ഡ് ഭേദിക്കും.