National
സവാളയുടെ കയറ്റുമതി തീരുവ ഒഴിവാക്കി; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
സവാളയുടെ ലഭ്യത മെച്ചപ്പെടുകയും വില സ്ഥിരത കൈവരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ന്യൂഡൽഹി | സവാളയുടെ 20 ശതമാനം കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. ശനിയാഴ്ച റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ ശുപാർശയെ തുടർന്നാണ് നടപടി. സവാളയുടെ ലഭ്യത മെച്ചപ്പെടുകയും വില സ്ഥിരത കൈവരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
സവാളയുടെ ആഭ്യന്തര ലഭ്യത സംരക്ഷിക്കുന്നതിനായി, കയറ്റുമതി നിരോധനം, ഏറ്റവും കുറഞ്ഞ കയറ്റുമതി വില (MEP), തീരുവകൾ എന്നിവ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ കേന്ദ്രം നേരത്തെ ഏർപ്പെടുത്തിയിരുന്നു. 2024 സെപ്റ്റംബർ മുതൽ നിലവിലുണ്ടായിരുന്ന കയറ്റുമതി തീരുവ, റാബി സവാള ഉത്പാദനം ഗണ്യമായി വർധിക്കുമെന്ന് കണക്കാക്കിയതിനെ തുടർന്നാണ് ഇപ്പോൾ ഒഴിവാക്കിയത്.
പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ 17.17 ലക്ഷം മെട്രിക് ടണ്ണായിരുന്നു സവാളയുടെ കയറ്റുമതി. 2025 സാമ്പത്തിക വർഷത്തിൽ മാർച്ച് 18 വരെ 11.65 ലക്ഷം മെട്രിക് ടണ്ണായി കയറ്റുമതി കുറഞ്ഞിട്ടുണ്ട്. പ്രതിമാസ കയ്റുമതി 2024 സെപ്റ്റംബറിൽ 0.72 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2025 ജനുവരിയിൽ 1.85 ലക്ഷം മെട്രിക് ടണ്ണായി ക്രമാനുഗതമായി വർദ്ധിക്കുകയും ചെയ്തു.
റാബി സവാളയുടെ വരവ് കൂടിയതിനെ തുടർന്നാണ് കയറ്റുമതി തീരുവ ഒഴിവാക്കിയത്. മൊത്തവ്യാപാര, ചില്ലറ വ്യാപാര വിലകളിൽ കുറവുണ്ടായിട്ടുണ്ട്.