interview
കവിതയിലൂടെ കണ്ണീർ ആവിഷ്കരിക്കുന്നു
ആർക്കും യഥേഷ്ടം കയറി മേയാൻ പറ്റുന്ന ഒരിടമാണ് സാഹിത്യവും കലയുമെന്ന് കരുതുന്നില്ല. അതിനൊട്ട് കഴിയുകയുമില്ല. ഉള്ളിൽ പ്രതിഭയുള്ളവർക്കേ സാഹിത്യത്തിൽ നിലനിൽപ്പുള്ളൂ. അല്ലാത്തതൊക്കെ വാടിയുണങ്ങിപ്പോകും.
? താങ്കൾ വായനയിലേക്കും കഥാരചനയിലേക്കും എത്തിപ്പെടുന്നത് എങ്ങനെയാണ്? അക്കാലത്തെ ഓർമകൾ എന്തൊക്കെയാണ്?
കുട്ടിക്കാലത്ത് അച്ഛൻ പുരാണ കഥകൾ പറഞ്ഞുതരുമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്താണ് നാട്ടിലെ ജ്വാല ലൈബ്രറിയിൽ നിന്നും സ്വന്തമായി പുസ്തകങ്ങളെടുത്ത് വായന തുടങ്ങിയത്. മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് അന്നൊക്കെ പുലരുവോളം വായിക്കുമായിരുന്നു. പത്തിൽ പഠിക്കുമ്പോൾ എനിക്ക് ന്യുമോണിയ പിടിപെട്ടത് മണ്ണെണ്ണ വിളക്കിലെ പുക ശ്വസിച്ചിട്ടാണെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞതോർക്കുന്നു.
എം ടി, ബഷീർ, എം ഡി രത്നമ്മ, എസ് കെ, പെരുമ്പടവം ഇവരൊക്കെയായിരുന്നു അന്നത്തെ ഇഷ്ട കഥാകാരൻമാർ. അധികം വൈകാതെ എനിക്കും എഴുതാനുള്ള ആഗ്രഹമുണ്ടായി. ആദ്യം പ്രസിദ്ധീകരിച്ച കവിത കഴുകൻ.
? എഴുത്തിലെ ഗുരു, സ്വാധീനിച്ച കവി ആരൊക്കെയാണ് ?
ഗുരുനാഥന്മാരില്ല. എഴുത്തച്ഛൻ, ആശാൻ തുടങ്ങി സമകാലികരായ കവികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. എല്ലാവരുടെയും എല്ലാ രചനകളും ഇഷ്ടമല്ല. അങ്ങനെ നോക്കുമ്പോൾ പല കവികളും സ്വാധീനിച്ചിട്ടുണ്ടാകാം.
? സാഹിത്യ രംഗത്തും ചലച്ചിത്ര രംഗത്തും താങ്കൾ ചതിക്കപ്പെട്ട സംഭവങ്ങൾ കേട്ടിട്ടുണ്ട്. അതേക്കുറിച്ച്…
എന്റെ 43 കഥകൾ ചലച്ചിത്രമായിട്ടുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അതാണു സത്യം. ഒരു ചായക്കും ബോണ്ടക്കും വേണ്ടി എഴുതിയ കഥ മുതൽ സിനിമാ കഥക്ക് പതിനായിരം രൂപ വരെ കിട്ടിയ അനുഭവങ്ങളുണ്ട്. ഒരുപാട് ദുരിതങ്ങൾ അനുഭവിച്ച കഥകളുണ്ട്.
? വമ്പൻ പ്രസാധകർ പുറത്തിറക്കിയ മുപ്പതോളം പുസ്തകങ്ങൾ താങ്കളുടെതായിട്ടുണ്ട്. പക്ഷേ, താങ്കൾ അവഗണിക്കപ്പെടുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയോ?
സാഹിത്യ രംഗത്തും ചലച്ചിത്ര രംഗത്തും അവഗണന ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പ്രസാധകർ പുറത്തിറക്കിയ എന്റെ പുസ്തകങ്ങൾ നിലനിൽക്കെ സാഹിത്യ അക്കാദമിയുടെ എൻ എൻ കക്കാട് അനുസ്മരണ കവിയരങ്ങിൽ നിന്നു പോലും ഞാൻ അവഗണിക്കപ്പെട്ടു എന്നതാണു സത്യം.
പുസ്തകക്കച്ചവടക്കാരനായും കഥയെഴുത്തുകാരനായും സ്ഥിരവരുമാനക്കാരനല്ലാത്ത എനിക്ക് ഒരു കവിയരങ്ങിന്റെ പ്രതിഫലം പോലും വലിയ കാര്യമാണ് എന്നറിയാവുന്ന അക്കാദമി സുഹൃത്തുക്കളുണ്ടായിരുന്നു. അവർ പോലും വിളിച്ചിട്ട് ഫോണെടുത്തില്ല. എനിക്കാരോടും പരാതിയില്ല. കവിതയെ സ്നേഹിക്കുന്നതു പോലെ ഞാനെല്ലാവരേയും സ്നേഹിക്കുന്നു. കണ്ണീരും സ്വപ്നങ്ങളും പുഞ്ചിരിയും പരിഭവവും ഞാൻ കവിതയിലൂടെ പറയാൻ ശ്രമിക്കുന്നു.
? വേണ്ടത്ര കാവ്യാനുശീലനം ഇല്ലാത്തവരാണ് പുതുകവികൾ എന്നും ആർക്കും കേറി യഥേഷ്ടം വിഹരിക്കാവുന്ന മേഖലയായി കവിത മാറിയെന്നും പറഞ്ഞാൽ താങ്കൾ നിഷേധിക്കുമോ?
കവികൾക്കു നേരെ വാളോങ്ങുന്ന ചിരപ്രതിഷ്ഠരായ കഥാകാരന്മാരുമുണ്ട്.
ഇന്നത്തെ സമൂഹത്തിൽ ഒരാൾ കവി അല്ലെങ്കിൽ എഴുത്തുകാരനാകാൻ ശ്രമിക്കുന്നു എന്നതു തന്നെ വലിയ കാര്യമല്ലേ. ആർക്കും യഥേഷ്ടം കയറി മേയാൻ പറ്റുന്ന ഒരിടമാണ് സാഹിത്യവും കലയുമെന്ന് കരുതുന്നില്ല. അതിനൊട്ട് കഴിയുകയുമില്ല. ഉള്ളിൽ പ്രതിഭയുള്ളവർക്കേ സാഹിത്യത്തിൽ നിലനിൽപ്പുള്ളൂ. അല്ലാത്തതൊക്കെ വാടിയുണങ്ങിപ്പോകും.