Connect with us

സാഹിത്യം

സന്ദേഹിയുടെ ആത്മാവിഷ്കാരങ്ങൾ...

ഫ്രാൻസ് കാഫ്‌കയുടെ ചരമശതാബ്‌ദി വർഷമാണിത്. മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെ ഇത്രമേൽ ആഴത്തിൽ അക്ഷരങ്ങളിലടയാളപ്പെടുത്തിയ എഴുത്തുകാർ കാഫ്‌കയെപ്പോലെ വേറെ അധികമില്ല. അസ്തിത്വസംബന്ധിയായ പ്രശ്നങ്ങൾ സൃഷ്‌ടിച്ച മാനസികാഘാതങ്ങൾ പേറുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. മനുഷ്യജീവിതത്തിന്റെ ഇരുണ്ടതും വിഷാദാർദ്രവുമായ അവസ്ഥകളാണ് കാഫ്‌കയുടെ രചനകളിലെ മുഖ്യപ്രമേയം. ലളിതവും സുതാര്യവുമായ ഭാഷയിൽ തികഞ്ഞ നൈസർഗികതയോടെ ജീവിതത്തിന്റെ വ്യത്യസ്തവീഥികളിൽ ഒറ്റപ്പെടുന്നവരുടെ നിസ്സഹായതയും ഇച്ഛാഭംഗവും നിരാശതാബോധവും, ഭരണകൂടവും അധികാരവർഗവും സാധാരണക്കാരായ ജനങ്ങൾക്കുമേൽ നടത്തുന്ന കാർക്കശ്യവും അദ്ദേഹം ആവിഷ്കരിക്കുന്നു.

Published

|

Last Updated

രുപതാം നൂറ്റാണ്ടിൽ ജർമൻ സാഹിത്യനഭസ്സിൽ ഉദിച്ചുയർന്ന ഉജ്ജ്വലനക്ഷത്രം – അതായിരുന്നു ഫ്രാൻസ് കാഫ്‌ക. ജീവിച്ചിരുന്ന കാലത്ത് രചനകൾ പ്രസിദ്ധീകരിക്കാനുള്ള വിമുഖത ഒന്നുകൊണ്ടുമാത്രം സഹൃദയ ശ്രദ്ധ നേടാൻ കഴിയാതെ പോയ പ്രതിഭയായിരുന്നു അദ്ദേഹം. മരണാനന്തരം അദ്ദേഹത്തിന്റെ സുഹൃത്തിലൂടെ അവ വെളിച്ചം കണ്ടപ്പോഴാണ് കാഫ്‌ക എന്ന അതുല്യനായ എഴുത്തുകാരനെ ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ ചരമശതാബ്‌ദി വർഷമാണിത്.

മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെ ഇത്രമേൽ ആഴത്തിൽ അക്ഷരങ്ങളിലടയാളപ്പെടുത്തിയ എഴുത്തുകാർ കാഫ്‌കയെപ്പോലെ വേറെ അധികമില്ല. അസ്തിത്വസംബന്ധിയായ പ്രശ്നങ്ങൾ സൃഷ്‌ടിച്ച മാനസികാഘാതങ്ങൾ പേറുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ജീവിതത്തിന്റെ അസംബന്ധ സാഹചര്യങ്ങളിൽ അകപ്പെട്ടുപോയ അവരുടെ വിഹ്വലതകൾ, ഉത്കണ്ഠകൾ, സംത്രാസങ്ങൾ, സന്ദേഹങ്ങൾ എന്നിവ സൂക്ഷ്മമായി അദ്ദേഹം രചനകളിൽ ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തിന്റെ അർഥരാഹിത്യവും അന്തസ്സാരശൂന്യതയുമാണ് കാഫ്‌കയുടെ ഓരോ രചനയും ഉയർത്തിക്കാട്ടുന്നത്.

1883 ജൂലൈ മൂന്നിന് ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗിൽ ഒരു ജൂത കുടുംബത്തിലാണ് കാഫ്‌ക ജനിച്ചത്. ബിസിനസ്സുകാരനായ പിതാവ് ഹെർമൻ കാഫ്‌ക മുൻകോപിയും കണിശക്കാരനുമായിരുന്നു. കാഫ്‌കയുടെ സാഹിത്യപ്രവർത്തനങ്ങളിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച പിതാവ് മകനും തന്നെപ്പോലെ ഒരു ബിസിനസ്സുകാരനാകണമെന്നാണ് ആഗ്രഹിച്ചത്. കാഫ്‌ക പക്ഷേ അതിനു തയ്യാറായില്ല. അതുകൊണ്ടുതന്നെ പിതാവ് ഒരു ശത്രുവിനെയെന്നപോലെയാണ് അദ്ദേഹത്തെ കണ്ടത്. മെട്രിക്കുലേഷനു ശേഷം കാഫ്‌ക പ്രേഗിലെ ജർമൻ സർവകലാശാലയിലെ രസതന്ത്രവകുപ്പിൽ പ്രവേശിച്ചു. എന്നാൽ രസതന്ത്രപഠനം തനിക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം അതുപേക്ഷിച്ച് നിയമപഠനം സ്വീകരിക്കുകയായിരുന്നു. 1906 ൽ അദ്ദേഹം നിയമബിരുദം നേടി.

1907 ൽ ഒരു ഇറ്റാലിയൻ ഇൻഷ്വറൻസ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടുത്തെ സമയക്രമം സ്വീകരിക്കാനാവാതെ (രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയായിരുന്നു ജോലി.) 1908 ൽ അദ്ദേഹം ജോലി രാജിവെച്ചു. തുടർന്ന് മറ്റൊരു ഇൻഷ്വറൻസ് കമ്പനിയിൽ പ്രവേശിച്ചു. 1917 ൽ ക്ഷയരോഗത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ തളർന്നെങ്കിലും അതിനെ അവഗണിച്ചുകൊണ്ട് കഠിനമായി ജോലി ചെയ്ത കാഫ്‌ക അതോടൊപ്പം എഴുത്തും കൂടെ കൊണ്ടുപോയി. 1922 ൽ രോഗം മൂർച്ഛിച്ചതോടെ ജോലിയിൽ നിന്നും രാജിവെച്ചു. 1924 ആയപ്പോഴേക്കും ക്ഷയരോഗം അദ്ദേഹത്തെ പൂർണമായും കീഴടക്കിയിരുന്നു. ആ വർഷം ജൂൺ മൂന്നിന് കാഫ്‌ക അന്തരിച്ചു.

കാഫ്‌കയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ വളരെ കുറച്ചു രചനകൾ മാത്രമേ വെളിച്ചം കണ്ടിരുന്നുള്ളൂ. ഏതാനും ചെറുകഥകൾ മാത്രം. അതുതന്നെ തന്റെ ആത്മമിത്രമായ മാക്സ് ബ്രോഡിന്റെ നിർബന്ധം മൂലമായിരുന്നു. മൂന്ന് നോവലുകൾ – The Castle, The Trial, America – എഴുതിയെങ്കിലും ഒന്നുപോലും അദ്ദേഹം മുഴുമിപ്പിച്ചില്ല. The Metamorphosis എന്ന നീണ്ടകഥ മാത്രമാണ് പൂർണമായി എഴുതിയ പ്രധാന രചന. താൻ എഴുതിയതൊക്കെ വായിക്കാൻ കൊള്ളുകയില്ലെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ചെറുപ്പം മുതൽ അരക്ഷിതബോധവും അശുഭാപ്തിവിശ്വാസവും വേട്ടയാടിയിരുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ആ മനസ്സാണ് ഏറിയും കുറഞ്ഞും തന്റെ രചനകളിലെല്ലാം അദ്ദേഹം ആവിഷ്കരിച്ചതും. അതുകൊണ്ടുതന്നെ പ്രസിദ്ധീകരിക്കപ്പെടുന്നപക്ഷം അവയുടെ സ്വീകാര്യതയെച്ചൊല്ലിയുള്ള സന്ദേഹം കാഫ്‌ക എപ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്നു. അതുകൊണ്ടാണ് തന്റെ എല്ലാ രചനകളും കത്തിച്ചുകളയുവാൻ രോഗശയ്യയിൽ കിടക്കുമ്പോൾ, മരണത്തിന് ഏതാനും ദിവസം മുന്പ് അദ്ദേഹം മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടത്. എന്നാൽ സുഹൃത്ത് അതിനു തയ്യാറായില്ല. കാഫ്‌കയുടെ കഴിവിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്ന സുഹൃത്ത് അദ്ദേഹത്തിന്റെ മരണശേഷം അവ പ്രസിദ്ധീകരിച്ചു. ഫ്രാൻസ് കാഫ്‌ക എന്ന എഴുത്തുകാരനെ ലോകം അറിയുന്നത് അങ്ങനെയാണ്.

മനുഷ്യജീവിതത്തിന്റെ ഇരുണ്ടതും വിഷാദാർദ്രവുമായ അവസ്ഥകളാണ് കാഫ്‌കയുടെ രചനകളിലെ മുഖ്യപ്രമേയം. ലളിതവും സുതാര്യവുമായ ഭാഷയിൽ തികഞ്ഞ നൈസർഗികതയോടെ ജീവിതത്തിന്റെ വ്യത്യസ്തവീഥികളിൽ ഒറ്റപ്പെടുന്നവരുടെ നിസ്സഹായതയും ഇച്ഛാഭംഗവും നിരാശതാബോധവും, ഭരണകൂടവും അധികാരവർഗവും സാധാരണക്കാരായ ജനങ്ങൾക്കുമേൽ നടത്തുന്ന കാർക്കശ്യവും അദ്ദേഹം ആവിഷ്കരിക്കുന്നു. ലോകമെമ്പാടും ഇപ്പോഴും പ്രസക്തമായതും ഇന്നും മാനവരാശിയെ ചൂഴ്ന്നു നിൽക്കുന്നതുമായ വിഷയങ്ങളായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ ഇന്നും പ്രസക്തമാണ്. അതുകൊണ്ടുതന്നെയാണ് നൂറ് വർഷം മുന്പ് അരങ്ങൊഴിഞ്ഞിട്ടും ഈ എഴുത്തുകാരൻ ഇപ്പോഴും അക്ഷരലോകത്ത് തലയുയർത്തിനിൽക്കുന്നത്.

Latest