From the print
ഹജ്ജ് ക്യാമ്പില്‍ വിപുലമായ സൗകര്യങ്ങള്‍
വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന തീര്‍ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പിലുള്ളത്.
മലപ്പുറം | വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന തീര്‍ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പിലുള്ളത്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ആകെ തീര്‍ഥാടകരില്‍ 7,279 പേര്‍ പുരുഷന്മാരും 10,604 പേര്‍ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസ്സിന് താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് (കരിപ്പൂര്‍) എംബാര്‍ക്കേഷന്‍ വഴി 10,430 പേരും കൊച്ചി വഴി 4,273, കണ്ണൂര്‍ വഴി 3,135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേര്‍ ബെംഗളൂരു, അഞ്ച് പേര്‍ ചെന്നൈ, മൂന്ന് പേര്‍ മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക.
മൊത്തം തീര്‍ഥാടകരില്‍ 1,250 പേര്‍ 70 വയസ്സ് കഴിഞ്ഞവരും 3,582 പേര്‍ മെഹ്റമില്ലാത്ത വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. അവസാന വര്‍ഷം (2023) ല്‍ 11,252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. ഈ വര്‍ഷം 6,516 തീര്‍ഥാടകരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ഥന എന്നിവക്കായി പ്രത്യേക ഹാളുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് യാത്രാരേഖകളും യാത്രാ നിര്‍ദേശങ്ങളും ക്യാമ്പില്‍ വെച്ച് നല്‍കും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് തീര്‍ഥാടകരെ പ്രത്യേക ബസില്‍ എയര്‍പോര്‍ട്ടിലെത്തിക്കും. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കുടുതല്‍ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ ക്യാമ്പില്‍ റിപോര്‍ട്ട് ചെയ്യുന്നത് മുതല്‍ വിമാനം കയറുന്നത് വരെ വളണ്ടിയര്‍മാരുടെ മുഴുസമയ സേവനമുണ്ട്. തീര്‍ഥാടകരുടെ അടിയന്തര മെഡിക്കല്‍ ആവശ്യത്തിനായി വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ 24 മണിക്കൂര്‍ സേവനവും ലഭ്യമാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനവും സജ്ജമാണ്.
യാത്രയാകുന്നത് 59 വിമാനങ്ങളില്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടാന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ 166 പേര്‍ക്ക് സഞ്ചരിക്കാവുന്ന 59 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും ഇതിനകം അവസരം ലഭിച്ചവര്‍ക്കുള്ള അധിക വിമാനവും ജൂണ്‍ ഒന്പതിന് മുമ്പുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സര്‍വീസ് നടത്തുക. ജൂണ്‍ എട്ടിന് നാല് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതല്‍ 22 വരെയുള്ള കാലയളവില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സഊദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വീസ് നടത്തുക. കൊച്ചിയില്‍ നിന്ന് ജൂണ്‍ ഒമ്പത് വരെ 17 സര്‍വീസുകളും കണ്ണൂരില്‍ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.