Connect with us

Kannur

കണ്ണൂര്‍ നഗരത്തില്‍ വ്യാപക പോലീസ് റെയ്ഡ്; മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കഞ്ചാവ് കൈവശം വച്ച കേസിലാണ് അറസ്റ്റ്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Published

|

Last Updated

കണ്ണൂര്‍ | നഗരത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ് (30), പെണ്‍സുഹൃത്ത് പാപ്പിനിശ്ശേരി വയലില്‍ ഹൗസില്‍ അനാമിക (26), താഴെചൊവ്വ പാതിരിപറമ്പിലെ ടി എം അര്‍ജുന്‍ (24), ചൊവ്വയിലെ ടി കെ സവാദ് (24) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കൈവശം വച്ച കേസിലാണ് അറസ്റ്റ്.

കണ്ണൂരിലെ മാളിന് സമീപത്തെ മുഴത്തടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

നിഹാദില്‍ നിന്ന് 2.72 ഗ്രാം എം ഡി എം എ യും അനാമികയില്‍നിന്ന് 0.22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാപ്പക്കേസില്‍ പ്രതിയായ നിഹാദ് അടുത്തിടെയാണ് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്. ഇരുവരും വളപട്ടണം, മട്ടന്നൂര്‍, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.

താഴെ ചൊവ്വയില്‍ പുല്‍ക്കോം പാലത്തിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സവാദ് പിടിയിലായത്. 4.54 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
താഴെചൊവ്വയിലെ പാതിരിപ്പറമ്പിലെ അര്‍ജുനില്‍ നിന്നും 8.97 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അര്‍ജുന്‍ മുമ്പും കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണ്.

 

 

 

Latest