International
ഓസ്ട്രേലിയയും ഫിജിയും സന്ദര്‍ശിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഫെബ്രുവരി 15-ന് ഫിജി പ്രധാനമന്ത്രി സിതിവേണി റെംബുകയ്ക്കൊപ്പം ലോക ഹിന്ദി സമ്മേളനം ജയശങ്കര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി | ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈ ആഴ്ച ഫിജിയിലെത്തും. ഫെബ്രുവരി 15-ന് ഫിജി പ്രധാനമന്ത്രി സിതിവേണി റെംബുകയ്ക്കൊപ്പം സംയുക്തമായി ലോക ഹിന്ദി സമ്മേളനം ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15-17 തീയതികളില്‍ നാഡിയില്‍ ഇന്ത്യ, ഫിജി സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജയശങ്കറിന്റെ ഫിജിയിലേക്കുള്ള ആദ്യ യാത്രയാണിത്. കഴിഞ്ഞ ഡിസംബറില്‍ ഫിജിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം വിദേശകാര്യ മന്ത്രിതല പ്രതിനിധി സംഘം നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണ്. സന്ദര്‍ശനത്തില്‍ രാജ്യത്തിന്റെ പുതിയ നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 5-10 തീയതികളില്‍ ഫിജി ഉപപ്രധാനമന്ത്രി ബിമന്‍ പ്രസാദിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നതതല സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ജയശങ്കറിന്റെ സന്ദര്‍ശനം. മൗറീഷ്യസില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തിലാണ് ഫിജിയില്‍ ലോക ഹിന്ദി സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.