Connect with us

Articles

ഈ നെഞ്ചിലെ കനലുകള്‍ കെടുത്തൂ

സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കി ദരിദ്ര ലക്ഷങ്ങളോടൊപ്പം നില്‍ക്കുകയാണ് ഇക്കാലത്തെ ഏറ്റവും ബൃഹത്തായ അതിജീവനപ്പോരാട്ടം

Published

|

Last Updated

സാന്ത്വനം നിങ്ങള്‍ക്കൊപ്പമാണ്
മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നും മരണാനന്തരമുള്ള ലോകത്തെ സന്തോഷമാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. മരണം വരെയുള്ള കാലം ഒരുക്കങ്ങളുടെ കാലമാണെന്നും അവര്‍ മനസ്സിലാക്കുന്നു. നിസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമടക്കമുള്ള വ്യക്തിഗത ആരാധനകള്‍ ഇസ്ലാമിലുണ്ട്. ദാനധര്‍മങ്ങളും സേവന പ്രവര്‍ത്തനങ്ങളും പോലെ സഹജീവിയിലേക്ക് ഒഴുകിപ്പരക്കുന്ന സുകൃതങ്ങളും ഇസ്ലാമിന്റെ വലിയ ഭാഗമാണ്. വ്യക്തിഗത ആരാധനകള്‍ക്ക് തന്നെയും വളരെ വിശാലമായ സാമൂഹിക വീക്ഷണങ്ങളുമുണ്ട്. രണ്ട് തരത്തിലുമുള്ള ആരാധനകള്‍ക്ക് അതിന്റേതായ മഹത്വങ്ങളുണ്ട്. സന്ദര്‍ഭങ്ങളും സാഹചര്യവുമനുസരിച്ച് ഒരു ഗണത്തിലുള്ളത് മറ്റേതിനേക്കാള്‍ മഹത്വമേറിയതാകും. ഒന്നും അവഗണിക്കാവുന്നതോ നിസ്സാരമാക്കാവുന്നതോ അല്ല.

മനുഷ്യ ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കാനും എല്ലാ തലങ്ങളെയും ഉള്‍ക്കൊണ്ടുള്ള ദിനചര്യകളെ ആവിഷ്‌കരിക്കാനുമാണ് എസ് വൈ എസ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വ്യക്തിഗത അനുഷ്ഠാനങ്ങളെപ്പോലെ സാമൂഹിക പ്രാധാന്യമുള്ള ആരാധനകളെയും പ്രവര്‍ത്തകരുടെ ശീലമാക്കാന്‍ ശ്രമിക്കുന്നു. അത്തരം സേവന ദൗത്യങ്ങള്‍ക്ക് വേണ്ടി ക്രമപ്പെടുത്തിയ സംവിധാനമാണ് സാന്ത്വനം.

സാന്ത്വന പ്രചോദിതമായ ഖുര്‍ആന്‍ സൂക്തങ്ങളും നബി(സ)യുടെ അധ്യാപനങ്ങളും ധാരാളമുണ്ട്. അനാഥകളെ അവഗണിക്കുകയും പാവങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നവരെ മതത്തെ നിഷേധിക്കുന്നവരായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഏത് ജീവിയുടെയും വിശപ്പും ദാഹവും അല്ലാഹുവിന്റെ വിശപ്പും ദാഹവും എന്ന നിലയില്‍ ക്രമീകരിക്കുന്ന ഹദീസുകള്‍ കാണാം. ഞാന്‍ വിശന്നപ്പോള്‍, രോഗിയായപ്പോള്‍ നിയെന്തേ എന്നെ സാന്ത്വനിപ്പിച്ചില്ല എന്ന ചോദ്യം പരലോകത്തുണ്ടാകും. നിനക്ക് വിശക്കില്ലല്ലോ എന്നാകും അപ്പോള്‍ ദാസന്‍. എന്റെ ദാസന്‍ വിശന്നത് നീയറിഞ്ഞില്ലേ എന്നല്ലാഹു തിരിച്ചു ചോദിക്കുമ്പോഴാകും ദാസന്‍ തന്റെ ഭാഗത്തെ വീഴ്ച തിരിച്ചറിയുക. നബി(സ)യെ വധിക്കാനായി തക്കം പാര്‍ത്തു നടന്ന അബൂജഹ്ല്‍ രോഗിയാണെന്ന് കേട്ടപ്പോള്‍, പ്രഖ്യാപിത ശത്രുവായിട്ടു പോലും സന്ദര്‍ശിക്കാനിറങ്ങുന്ന തിരുനബിയും അനാഥ വൃദ്ധയെ പരിചരിക്കാന്‍ വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് യാത്രതിരിക്കുന്ന സിദ്ദീഖും(റ) സാന്ത്വന പ്രവര്‍ത്തനത്തെ ജീവിതം കൊണ്ട് ആവിഷ്‌കരിച്ചവരാണ്.

പുതിയ കാലത്തെ ചുറ്റുപാടുകള്‍ സാന്ത്വന സേവനങ്ങളെ മുഖ്യ ശ്രദ്ധയില്‍ കൊണ്ടുവരുന്ന നിലയിലാണുള്ളത്. വികസനത്തിന്റെയും പുരോഗതിയുടെയും ഗ്രാഫ് എത്ര ഉയര്‍ന്നു നില്‍ക്കുമ്പോഴും പട്ടിണിയും അനാഥത്വവും ഒറ്റപ്പെടലും ബാക്കിയാകുന്ന അനേകം ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആരോഗ്യം ക്ഷയിച്ച്, ജോലിചെയ്യാനാകാത്ത ജീവിത സായാഹ്നങ്ങളില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ച് ശയ്യയില്‍ കാത്തിരിക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. രോഗശയ്യയില്‍ വിസര്‍ജനം നടത്തുകയും ശുചീകരിക്കാനൊരാളുപോലും ഇല്ലാതെ ആ മാലിന്യങ്ങളില്‍ തന്നെ കിടന്നുരുകുകയും ചെയ്യുന്നവര്‍, കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്നവര്‍, അവരുടെ കുടുംബങ്ങളില്‍ ആത്മഹത്യ ചിന്തിച്ചു തുടങ്ങുന്നവര്‍, സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ വിവാഹം സ്വപ്നം മാത്രമായി മാറിയവര്‍, തുണി വലിച്ചുകെട്ടിയ ചുവരിനും മേല്‍ക്കൂരക്കും താഴെ അന്തിയുറങ്ങുന്നവര്‍; ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുകയാണ് സാന്ത്വനം.

സാമ്പത്തിക സഹായവും സന്നദ്ധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചാണ് സാന്ത്വന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രോഗീ പരിചരണം, സാധു സംരക്ഷണം, വീടില്ലാത്തവരുടെ പുനരധിവാസങ്ങള്‍, നിത്യ രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ സംവിധാനിച്ച സാന്ത്വന കേന്ദ്രങ്ങള്‍, ആശുപത്രി പരിസരങ്ങളിലെ വിവിധ ക്ഷേമ പദ്ധതികള്‍, ഡയാലിസിസിന് ആവശ്യമായ സാമ്പത്തിക പിന്തുണകള്‍, വിവാഹ സഹായം തുടങ്ങി സംസ്ഥാന വ്യാപകമായി നടക്കുന്ന പദ്ധതികളും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ഇടവേളകളില്ലാതെ സാന്ത്വനം ജനങ്ങള്‍ക്കൊപ്പമുണ്ട്. ഈ ഘട്ടത്തില്‍ സംഘടന ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ വിശദീകരണം താഴെ ചേര്‍ക്കുന്നു.

മെഡിക്കല്‍ കാര്‍ഡ്
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാനുള്ള പിന്തുണയാണ് മെഡിക്കല്‍ കാര്‍ഡ് ഉറപ്പാക്കുന്നത്. രോഗികളുടെ സാമ്പത്തിക സ്ഥിതിയും മരുന്നിന്റെ വിലയും പരിഗണിച്ച് 10,000, 5,000, 3,000 എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലുള്ള മെഡിക്കല്‍ കാര്‍ഡുകളാണ് നല്‍കുന്നത്. ഇതിനുള്ള തുക കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ നിന്ന് ഫാര്‍മസികള്‍ക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. 5,000ത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന്നുണ്ട്.

ഡയാലിസിസ് കാര്‍ഡ്
ഒരു കുടുംബത്തില്‍ ഒരു വൃക്കരോഗി ഉണ്ടാകുന്നതോടെ സമ്പന്നരാണെങ്കിലും അവരുടെ കുടുംബ ബജറ്റ് താളം തെറ്റുമെന്നുറപ്പാണ്. ഒരു വൃക്കരോഗിക്ക് ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് തവണ ഡയാലിസിസ് ചെയ്യല്‍ നിര്‍ബന്ധമാണ്. 12,000 മുതല്‍ 15,000 രൂപ വരെ ഈ ആവശ്യത്തിന് ഓരോ ആഴ്ചയിലും മാറ്റിവെക്കേണ്ടിവരും. ഈ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ഡയാലിസിസ് കാര്‍ഡ്.

ആശുപത്രി സേവനങ്ങള്‍
കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് സാന്ത്വനത്തിന്റെ കീഴില്‍ വളണ്ടിയര്‍ സേവനങ്ങള്‍ നല്‍കിവരുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ സാന്ത്വനം മികച്ച ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. കൂടാതെ സൗജന്യ മരുന്ന് വിതരണം, ഭക്ഷണ വിതരണം എന്നിവയും വിവിധ ആശുപത്രികളുടെ പരിസരത്ത് ഉറപ്പാക്കുന്നു.

സാന്ത്വന കേന്ദ്രവും സാന്ത്വനം ക്ലബും
ചികിത്സാ സഹായങ്ങള്‍ക്ക് വേണ്ടി പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സാന്ത്വന കേന്ദ്രങ്ങള്‍. വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വീല്‍ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുക, പ്രാഥമിക ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുക, സര്‍ക്കാറില്‍ നിന്ന് രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ അര്‍ഹരിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാന്ത്വന കേന്ദ്രങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
കിടപ്പ് രോഗികള്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്ത നിവാരണ സേവനങ്ങളുമാണ് സാന്ത്വനം ക്ലബുകള്‍ ലക്ഷ്യം വെക്കുന്നത്. ഹോം കെയര്‍, പാലിയേറ്റീവ്, ട്രോമാകെയര്‍ എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് സാന്ത്വനം ക്ലബുകളുടെ പ്രവര്‍ത്തനം. ക്ലബംഗങ്ങള്‍ക്ക് നിരന്തരമായ പരിശീലനം നല്‍കി വരുന്നു. കൊവിഡിന്റെയും പ്രളയ ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ സാന്ത്വനം ക്ലബുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ആംബുലന്‍സ് സര്‍വീസ്
അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 132 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നവയും പ്രാദേശിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നവയും ഉണ്ട്. സാന്ത്വനം ആംബുലന്‍സുകള്‍ നിര്‍ധനര്‍ക്ക് വേണ്ടി സൗജന്യമായാണ് സേവനം ചെയ്യുന്നത്. സാന്ത്വനം ആംബുലന്‍സിലെ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിംഗ് ഒരു തൊഴിലല്ല, സമര്‍പ്പണമാണ്.

ദുരിതാശ്വാസം
ദുരന്ത ഭൂമികളില്‍ സേവന സന്നദ്ധരെ സമര്‍പ്പിക്കുന്നതിന് പുറമെ ഭീമമായ സാമ്പത്തിക സഹായവും സാന്ത്വനം നല്‍കാറുണ്ട്. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ചപ്പോള്‍ ദുരിത ബാധിതരായ ഓരോ കുടുംബത്തിനും ഭീമമായ സംഖ്യ സാന്ത്വനം നല്‍കിയിരുന്നു. കടല്‍ക്ഷോഭം നിമിത്തം പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കാന്‍ നടപ്പാക്കുന്ന റേഷന്‍ സംവിധാനം എടുത്തു പറയേണ്ടതാണ്.

കുടിവെള്ള പദ്ധതികള്‍
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരമായി ലക്ഷ്യം വെച്ചിട്ടും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പൂര്‍ണാര്‍ഥത്തില്‍ പരിഹരിക്കാനാകുന്നില്ല എന്നത് തന്നെ ഈ മേഖലയിലെ ആവശ്യങ്ങള്‍ എത്രത്തോളം വലുതാണ് എന്ന് ബോധ്യപ്പെടുത്തുന്നു. എല്ലാവരുടെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാനാകില്ലെങ്കിലും വിവിധ പ്രദേശങ്ങളില്‍ സാന്ത്വനം ഒരുക്കിയ കുടിവെള്ള പദ്ധതികള്‍ അനേകം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രത്ത് 42 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ കുടിവെള്ള പദ്ധതിയും കോഴിക്കോട് ജില്ലയിലെ കരുവംപൊയിലില്‍ 60 കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന പദ്ധതിയും ഇതിന് ഉദാഹരണങ്ങളാണ്.

വിവാഹ സഹായം
പണമില്ലാത്തതിനാല്‍ വിവാഹിതരാകാതെ പോയ അനേകം പെണ്‍കുട്ടികളെ സാന്ത്വനം സുമംഗലികളാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി നേരിട്ടും വിവിധ ഘടകങ്ങള്‍ വഴിയും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വര്‍ഷവും സാന്ത്വനം വിവാഹം സാക്ഷാത്കരിക്കുന്നത്. സംഘടനയുടെ നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ചെലവും ആഭരണങ്ങളും നല്‍കി മുന്നൂറോളം യുവതികളെ സുമംഗലികളാക്കിയിട്ടുണ്ട്. സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഈ പദ്ധതിയുടെ അടുത്ത ഘട്ടം ഈ വര്‍ഷാവസാനം 500 പെണ്‍കുട്ടികളുടെ വിവാഹം എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോടികളുടെ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും നടപ്പാക്കി വരുന്നു. എന്നാല്‍ ചെയ്തതിലേറെ ദൗത്യങ്ങള്‍ ചെയ്യാനായി ബാക്കി കിടക്കുന്നു. ഇവയെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്. വിശുദ്ധ റമസാനിലെ മഹത്വമേറിയ വെള്ളിയാഴ്ച നിങ്ങളുടെ മുന്നില്‍ സാന്ത്വന പ്രവര്‍ത്തകര്‍ മുഖംനല്‍കും. അന്നേരം, ധന്യമായ ഈ ദൗത്യത്തിന്റെ തുടര്‍ച്ചക്ക് നിങ്ങളാല്‍ കഴിയുന്ന വലിയ പിന്തുണയും സഹായവും പ്രചോദനവും നല്‍കണം. ആവശ്യക്കാരോടും അവരുടെ കണ്ണീരൊപ്പുന്ന പ്രസ്ഥാനത്തോടുമൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലാഹു തുണക്കട്ടെ.