National
കൊള്ളപ്പലിശ കേസ്; ഗുണ്ടാ സംഘവുമായി ബന്ധമാരോപിച്ച് എ എ പി എം എല്‍ എയെ അറസ്റ്റ് ചെയ്തു
ഉത്തം നഗര്‍ മണ്ഡലത്തിലെ എം എല്‍ എയായ നരേഷ് ബല്യനെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി | കൊള്ളപ്പലിശ കേസില്‍ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അറസ്റ്റില്‍. പാര്‍ട്ടി എം എല്‍ എ. നരേഷ് ബല്യനെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഉത്തം നഗര്‍ മണ്ഡലത്തിലെ എം എല്‍ എയായ നരേഷ് ബല്യനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവ് നന്ദു എന്ന കപില്‍ സാംഗ്വാനുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ഒരു വ്യവസായിയില്‍ നിന്നും പണം തട്ടിയെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുള്ളതെന്നാണ് സൂചന.
നരേഷ് ബല്യന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി എ എ പി രംഗത്തെത്തിയിട്ടുണ്ട്. നടപടി നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി പറഞ്ഞു. ബി ജെപിയും കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് എ എ പി എം പി. സഞ്ജയ് സിംഗ് ആരോപിച്ചു.
തനിക്കെതിരായ ആരോപണം വ്യാജമാണെന്നും നുണ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നരേഷ് ബല്യന്‍ വ്യക്തമാക്കി. ഇരുപതിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കപില്‍ സാംഗ്‌വാനിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.