Connect with us

Kerala

ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി ലക്ഷങ്ങള്‍ തട്ടല്‍; സംഘത്തിലെ കാടുവളളി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. കേസില്‍ കൊടുവളളി സ്വദേശിയായ മുഹമ്മദ് തുഫൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

കൊച്ചി | മുംബൈ സൈബര്‍ പോലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരു മലയാളി കൂടി കൊച്ചിയില്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. കേസില്‍ കൊടുവളളി സ്വദേശിയായ മുഹമ്മദ് തുഫൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു കൊച്ചി സൈബര്‍ പോലീസ് പറഞ്ഞു. തേവര സ്വദേശിയില്‍ നിന്ന് ജാഫറടങ്ങുന്ന സംഘം അഞ്ചു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് തട്ടിപ്പു സംഘം ആദ്യം പരാതിക്കാരനെ ബന്ധപ്പെട്ടത്.

ചൈനയിലെ ഷാങ്ഹായിലേക്ക് എ ടി എം കാര്‍ഡും ലാപ്‌ടോപ്പും ലഹരി മരുന്നായ എം ഡി എം എയും പണവും തേവര സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ നിയമവിരുദ്ധമായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി തുടങ്ങിയത്. പരാതിക്കാരന്‍ ആശയക്കുഴപ്പത്തിലായി നില്‍ക്കേ മുംബൈ സൈബര്‍ പോലീസ് എന്ന് പറഞ്ഞ് വീണ്ടും വിളിച്ച് ഭീഷണി മുഴക്കി. സി ബി ഐ കേസ് എടുത്തെന്നു പറഞ്ഞായിരുന്നു ഭീഷണി. പരാതിക്കാരന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കോടതി പരിശോധനകള്‍ക്ക് അഞ്ച് ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി.

ഭയന്നു പോയ പരാതിക്കാരന്‍ പണം കൈമാറി. പിന്നീടാണ് തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയത്. തട്ടിപ്പു സംഘം ജാഫറിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Latest