Connect with us

From the print

വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗരതി കുറ്റമാക്കണം; പാര്‍ലിമെന്ററി സമിതി ശിപാര്‍ശ

വിവാഹേതര ലൈംഗികബന്ധത്തില്‍ സ്ത്രീയെയും ശിക്ഷിക്കണമെന്ന് ശിപാര്‍ശ.

Published

|

Last Updated

ന്യൂഡല്‍ഹി | വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പാര്‍ലിമെന്ററി സമിതിയുടെ ശിപാര്‍ശ. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്ഥിരം സമിതി കേന്ദ്ര സര്‍ക്കാറിന് കൈമാറാന്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ കരടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ പി സി) പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമം അവലോകനം ചെയ്യുന്ന റിപോര്‍ട്ടിലാണ് സിമിതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

സുപ്രീം കോടതി വിധി പരിഗണിച്ച് വിവാഹേതര ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗിക ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഭാരതീയ ശിക്ഷാ നിയമത്തില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. 2018ലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഇവ രണ്ടും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ഇത് പരിഗണിച്ച് ഐ പി സിയിലെ ഈ നിയമങ്ങള്‍ ഭാരതീയ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഭാരതീയ ശിക്ഷാനിയമം അവലോകനം ചെയ്ത പാര്‍ലിമെന്ററി സമിതി യോഗത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമിതിയിലെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കുന്നതിന് ലിംഗ നിഷ്പക്ഷമായ വ്യവസ്ഥ കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെടുന്നു. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ ഐ പി സി 497ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശിപാര്‍ശയാണ് പാര്‍ലിമെന്ററി സിമിതി നല്‍കിയത്.

സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ ഐ പി സി സെക്ഷന്‍ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷവും ഉഭയസമ്മതപ്രകാരം അല്ലാത്ത സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍, ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാന്‍ വ്യവസ്ഥ ഇല്ല. ഇക്കാര്യം പരിഹരിക്കണമെന്നാണ് സമിതി കരട് റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

 

Latest