Connect with us

Kerala

സമ്മേളനക്കാലത്തെ അത്യപൂര്‍വ്വ നടപടി; പാര്‍ട്ടി സംഘടനാ തത്വം ഊട്ടിയുറപ്പിച്ചു

പാര്‍ട്ടിയില്‍ നേരത്തെ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ എതിര്‍ ശബ്ദങ്ങള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചപ്പോള്‍ വളരെ കരുതലോടെ ചുവടുകള്‍ വച്ച പാര്‍ട്ടി, പിന്നീട് നിരന്തരം തെറ്റു തിരുത്തല്‍ പ്രക്രിയക്കു വിധേയമായി.

Published

|

Last Updated

കോഴിക്കോട് | പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചതോടെ ലെനിനിസ്റ്റ് സംഘടനാ തത്വമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അച്ചടക്ക വ്യവസ്ഥ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് സി പി എം. പാര്‍ട്ടിയില്‍ നേരത്തെ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ എതിര്‍ ശബ്ദങ്ങള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചപ്പോള്‍ വളരെ കരുതലോടെ ചുവടുകള്‍ വച്ച പാര്‍ട്ടി, പിന്നീട് നിരന്തരം തെറ്റു തിരുത്തല്‍ പ്രക്രിയക്കു വിധേയമായി. അച്യൂതാനന്ദന്‍ ഉന്നയിച്ച ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളിലെ ശരിമയായിരുന്നു തെറ്റുതിരുത്തല്‍ രേഖയുടെ കാതല്‍.

പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായ സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ എല്ലാ അച്ചടക്ക നടപടികളും നിര്‍ത്തിവെക്കാറുള്ള പാര്‍ട്ടി പക്ഷെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ നിര്‍ത്തിവെക്കേണ്ട എന്ന നിലപാടിലായിരുന്നു. അതിന്റെ ഭാഗമായി താഴെ തലം മുതല്‍ നിരവധി നടപടികളാണു പാര്‍ട്ടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരായ നടപടിയും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

കേരളത്തിലെ ശക്തനായ സിപിഎം നേതാവും ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ പേരെടുത്ത യാളുമായിരുന്നു ജി. സുധാകരന്‍. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ (2006 – 2011) ദേവസ്വം സഹകരണവകുപ്പും ജി സുധാകരന്‍ കൈകാര്യം ചെയ്തിരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും കശുവണ്ടിത്തൊഴിലാളി സമരങ്ങള്‍, എന്‍ ജി ഒ, അധ്യാപക സമരങ്ങളില്‍ പലതും മുന്‍പില്‍ നിന്നുനയിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ഡിഫന്‍സ് ഇന്ത്യ റൂള്‍ പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന സുധാകരന്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. 1996, 2006 മിറ 2011, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹോദരന്റെ രക്തസാക്ഷിത്വം ജി സുധാകരന്‍ എന്ന നേതാവിന് പാര്‍ട്ടിയില്‍ സവിശേഷമായ സ്ഥാനം നല്‍കി.

എന്നും വിഭാഗീയതയുടെ വെടിയൊച്ചകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. പാര്‍്ട്ടി ശക്തമായി ഇടപെട്ടാണ് വിഭാഗീയതക്കു മൂക്കുകയര്‍ ഇട്ടിരുന്നത്. ഇത്തവണയും പാര്‍ട്ടി സമ്മേളനങ്ങളുടെ ഘട്ടത്തില്‍ ഇത്തരം അപശബ്ദങ്ങള്‍ കേട്ടു തുടങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന ജി സുധാകരനെതിരെ അപശബ്ദങ്ങള്‍ ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ അപശബ്ദം. ജി സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാറിയതോടെ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പുതുനിര രംഗത്തു വന്നു. സജിക്കൊപ്പം എച്ച് സലാമും എ എം ആരിഫും പി പി ചിത്തരഞ്ജനും ഉണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വ്യക്തമായ പ്രാതിനിധ്യം പുതു നിരയ്ക്കുണ്ടായി. സ്ഥാനാര്‍ത്ഥിത്വത്തിനെതിരായി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നു. തുടക്കത്തിലെ തിരിച്ചടി മറികടന്ന് പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പോസ്റ്റര്‍ വിവാദവും പഴ്‌സണല്‍ സ്റ്റാഫ് അഗത്തിന്റെ പാരാതിയുമൊക്കെയായി വിവാദങ്ങളുണ്ടായി.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് അമ്പലപ്പുഴ കരൂരില്‍ ജി സുധാകരന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പകരം എ എം ആരിഫ് എം പി യുടെ പോസ്റ്ററുകള്‍ പതിച്ചു. പാര്‍ട്ടി തലത്തില്‍ അന്വേഷണം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ പാര്‍ട്ടിയുടെ സംഘടനാ രീതിയില്‍ നിന്ന് വ്യത്യസ്തമായി താന്‍ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി ജി സുധാകരന്‍ രംഗത്തുവന്നു.

സി പി എമ്മില്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം എന്ന ഗുരുതരമായ ആരോപണം സുധാകരന്‍ ഉയര്‍ത്തി. തുടര്‍ന്ന് സുധാകരന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗവും ഭാര്യയും ചേര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. പാര്‍ട്ടി മെമ്പറായ പരാതിക്കാരന്‍ പാര്‍ട്ടിക്ക് എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്ന ചോദ്യം ജില്ലാ സെക്രട്ടറിയടക്കം ഉയര്‍ത്തിയെങ്കിലും മറ്റ് സംഘടനാ നടപടികളിലേക്ക് കടന്നില്ല.

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് സുധാകരന്‍ തുറന്നടിച്ചു. ഫലം വന്നപ്പോള്‍ മികച്ച ഭൂരിപക്ഷത്തില്‍ അമ്പലപ്പുഴ ഉള്‍പ്പടെ എട്ടിടങ്ങളിലും ഇടതുമുന്നണി വിജയിച്ചു. അരൂര്‍ സീറ്റ് തിരികെ പിടിച്ചു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന അമ്പലപ്പുഴ എം എല്‍ എ എച്ച് സലാമിന്റെ ഗുരുതര ആരോപണം നിലനില്‍ക്കേ സുധാകരന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആലപ്പുഴയില്‍ ഒരു സീറ്റും പാര്‍ട്ടി ജയിക്കില്ലായിരുന്നു എന്ന മറുപടിയോടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തന്നെ ആരോപണം തള്ളിയിരുന്നു.

പക്ഷെ സലാം ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങള്‍ പരാതിയായി സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ വരെ എത്തുകയായിരുന്നു. മന്ത്രിസഭാ രൂപീകരണത്തോടെ പുത്തന്‍ സമവാക്യങ്ങള്‍ അകലുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പി ചിത്തരഞ്ജന്റെ പേര് ഫിഷറീസ് മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും ജില്ലയില്‍ അധികാരത്തിന്റെ ഏക കേന്ദ്രമായി സജിചെറിയാന്‍. ഔദ്യോഗിക നേതൃത്വം തള്ളിപറയുന്നതുവരേയും അവര്‍ക്കൊപ്പം എന്ന നിലപാടിലായിരുന്നു ജി സുധാകരന്‍. പാര്‍ട്ടി ബ്രാഞ്ച്,ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്കു പ്രവേശിച്ചിരിക്കെ ജി സുധാകരനെ പരസ്യമായി താക്കീത് ചെയ്യാനുള്ള പാര്‍ട്ടി തീരുമാനം എന്തു പ്രത്യാഘാതമാണു സൃഷ്ടിക്കുക എന്ന് ഉറ്റുനോക്കുകയാണ് ഏവരും.

Latest