Health
എലിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവല്ലയില്‍ എലിപ്പനി ബാധിച്ച് യുവതി മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്പിളി.
എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ശരിയായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ കൃത്യമായ അളവില്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്‌സ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1795 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്.