Connect with us

hot weather

കേരളത്തില്‍ കടുത്ത ചൂടുതുടരുന്നു; പ്രതിദിന വൈദ്യുതി ഉപഭോഗം റിക്കോര്‍ഡില്‍

താപനില ഉയര്‍ന്നതോടെ വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.

Published

|

Last Updated

തിരുവനന്തപുരം | കടുത്ത ചൂടുതുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം റിക്കോര്‍ഡില്‍.
ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.

താപനില ഉയര്‍ന്നതോടെ വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇതും സര്‍വകാല റെക്കോര്‍ഡാണ്.

കേരളത്തില്‍ ഇന്നലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 45.5 ഡിഗ്രി സെല്‍ഷ്യസാണ്. തൃശ്ശൂര്‍ പീച്ചിയില്‍ 42.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് മലമ്പുഴ ഡാമില്‍ 43.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി.

പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിനു സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണം.