National
ഉത്തരേന്ത്യയിലെ കനത്ത ചൂടിൽ വൻ കൃഷിനാശം; തക്കാളിക്ക് തീവില; തിരുവനന്തപുരത്ത് കിലോക്ക് 100 രൂപ
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, രാജ്യത്തുടനീളമുള്ള ചില്ലറ വിപണികളിൽ തക്കാളി കിലോയ്ക്ക് 40 മുതൽ 84 രൂപ വരെയാണ് വിൽക്കുന്നത്. അതേസമയം രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 30 മുതൽ 60 രൂപ വരെയായിരുന്നു വില.
ന്യൂഡൽഹി | രാജ്യത്ത് നാരങ്ങയ്ക്ക് പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തക്കാളിയുടെ ചില്ലറ വിൽപന കിലോയ്ക്ക് 100 രൂപയിലെത്തിയപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് വില. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മാസത്തോടെ ഈ വില കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ ഉയരുമെന്നാണ് പച്ചക്കറി വ്യാപാരികൾ പറയുന്നത്. കനത്ത ചൂടുകാരണം തക്കാളിക്ക് നാശമുണ്ടാകുന്നതാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കേരളത്തിലും തക്കാളി വില നൂറിലെത്തി. തിരുവനന്തപുരത്ത് ഒരു കിലോ തക്കാളിക്ക് നൂറു രൂപയാണ് വില. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തക്കാളി എത്തുന്നത്. ഓരോ ദിവസവും 15 ടൺ തക്കാളി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരത്തിലേക്ക് എത്താറുണ്ട്. എന്നാൽ ഇപ്പോൾ കൃഷി മോശമായതിനെ തുടർന്ന് 10 ടണ്ണിലും താഴെ മാത്രമാണ് തക്കാളി കേരത്തിലേക്ക് എത്തുന്നത്.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, രാജ്യത്തുടനീളമുള്ള ചില്ലറ വിപണികളിൽ തക്കാളി കിലോയ്ക്ക് 40 മുതൽ 84 രൂപ വരെയാണ് വിൽക്കുന്നത്. അതേസമയം രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 30 മുതൽ 60 രൂപ വരെയായിരുന്നു വില.
കർണാടകയിലെ ഷിമോഗയിൽ കിലോഗ്രാമിന് 84 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. ആന്ധ്രാപ്രദേശിലെ കുർണൂലിൽ 79 രൂപയ്ക്കും ഒഡീഷയിലെ കട്ടക്കിൽ 75 രൂപയ്ക്കും വിൽക്കുന്നു. തക്കാളിക്ക് ഡൽഹിയിൽ 40 മുതൽ 50 രൂപയും ഭോപ്പാലിൽ 30 മുതൽ 40 രൂപയും ലഖ്‌നൗവിൽ 40 മുതൽ 50 രൂപ വരെയുമാണ് വില. മുംബൈയിൽ കിലോയ്ക്ക് 60 മുതൽ 70 രൂപ വരെയാണ് വിൽപന. രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ 20 മുതൽ 30 രൂപയും ഭോപ്പാലിൽ 20 രൂപയും മുംബൈയിൽ 36 രൂപയുമായിരുന്നു വില.
കൃഷി മന്ത്രാലയത്തിന്റെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് അനുസരിച്ച്, 2021-22 വർഷത്തിൽ 203 ലക്ഷം ടൺ തക്കാളി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരുന്നത്. 2020-21 വർഷത്തിൽ ഇത് 211 ലക്ഷം ടണ്ണായിരുന്നു. ചൂട് വർധിക്കുന്നതിന് മുമ്പുള്ള കണക്കുകളാണിത്. വേനൽക്കാലത്തിന് ശേഷം, തക്കാളി വിളവ് 200 ലക്ഷം ടണ്ണിൽ താഴെയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഡൽഹിയിലെ ആസാദ്പൂർ മാണ്ഡിയുമായി ബന്ധപ്പെട്ട തക്കാളി വ്യാപാരികൾ പറയുന്നതനുസരിച്ച്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്ന തക്കാളി വംശനാശത്തിന്റെ വക്കിലാണ്. ചൂട് കൂടുന്നതോടെ ഉത്തർപ്രദേശിലും ഹരിയാനയിലും ഇതേ സ്ഥിതിയാകും വരുംദിവസങ്ങളിലുണ്ടാകുക.
ദക്ഷിണേന്ത്യയിൽ തക്കാളി വിള വളരെ ദുർബലമാണ്. അതുകൊണ്ടാണ് തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉത്തർപ്രദേശിനെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്.