prathivaram health
കണ്ണിനും വേണം ഭക്ഷണം
കണ്ണിന്റെ ആരോഗ്യം പൊതുവായ ആരോഗ്യവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്. കാഴ്ചകളൊക്കെ തെളിമയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ എല്ലാവരെയും പെട്ടെന്ന് വിഷമത്തിലാക്കും. മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ടാബുകൾ, ടി വി എന്നിവയുടെ ഉപയോഗംവർധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ചദിനം ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 10 ലോക കാഴ്ചദിനം ആയിരുന്നു. കാഴ്ച ദിനത്തിന്റെ പ്രമേയം എന്നത് “കുട്ടികളേ നിങ്ങൾ കണ്ണുകളെ സ്‌നേഹിക്കൂ’ എന്നതാണ്.
കണ്ണിന്റെ ആരോഗ്യം പൊതുവായ ആരോഗ്യവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്. കാഴ്ചകളൊക്കെ തെളിമയുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ എല്ലാവരെയും പെട്ടെന്ന് വിഷമത്തിലാക്കും. മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ടാബുകൾ, ടി വി എന്നിവയുടെ ഉപയോഗം വർധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം.
മറ്റ് നേത്ര രോഗങ്ങളായ തിമിരം, പ്രമേഹം മുലമുണ്ടാകുന്ന റെറ്റിനോപതി, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ, നിശാന്ധത തുടങ്ങിയ രോഗങ്ങൾ കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്നതാണ്. ശാരീരിക- മാനസിക സംഘർഷങ്ങൾ, പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക്ഫുഡ്, വ്യായാമക്കുറവ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ചക്കുറവിന് കാരണമായേക്കാം.
ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണത്തിൽ അന്നജം, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ, ജലം എന്നിവയുടെ സമീകൃത സംയോജനം ഉൾപ്പെടുന്നു. നേത്രാരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം ആന്റി ഓക്‌സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ, ഓമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അവശ്യപോഷകങ്ങളുടെ വിവിധ സ്രോതസ്സുകളുടെ ലഭ്യത നമ്മുടെ കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. നല്ല കാഴ്ചശക്തിക്കും കണ്ണിന്റെ ആരോഗ്യത്തിനും പല ഭക്ഷണങ്ങളും അതിപ്രധാനമാണ്. ദൈനംദിന ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ കാഴ്ച വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്.
- മത്സ്യം
മത്സ്യത്തിൽ ധാരാളം ഓമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഓമേഗ 3 ഫാറ്റി ആസിഡുകൾ കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്. കണ്ണിലെ ചെറിയ രക്തക്കുഴലുകളെ ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇൻട്രാ ഒക്കുലാർ ദ്രാവകത്തിന്റെ ശരിയായ ഒഴുക്കിനെ സഹായിക്കുന്നതുമൂലം കണ്ണിലെ മർദം കുറയുകയും ഗ്ലോക്കോമ, ഡ്രൈ ഐ സിൻഡ്രോം തുടങ്ങിയ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര തുടങ്ങിയവയിൽ ധാരാളം ഒമേഗ 3 ആസിഡ് അടങ്ങിയവയാണ്. ഇവ ഭക്ഷണത്തിൽ കൃത്യമായി ഉൾപ്പെടുത്തണം.
- ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം റൈബോഫ്‌ലേവിൻ, തയമിൻ എന്നീ ജീവകങ്ങളും ലൂട്ടിൻ, ബീറ്റാകരോട്ടിൻ, ക്ലോറോഫിലിൻ, സാന്തിൻ തുടങ്ങിയ പിഗ്മെന്റുകളും അടങ്ങിട്ടുണ്ട്. ഇവ ആരോഗ്യമുള്ള കണ്ണുകൾക്ക് വളരെ അത്യാവശ്യമാണ്. ഇവ ചൊറിച്ചിൽ പോലുള്ള നേത്രരോഗങ്ങൾ, വരണ്ട കണ്ണുകൾ, അൾസർ, തിമിരം പോലുള്ള നേത്രരോഗങ്ങൾ എന്നിവയെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾ ആണിവ. ചീര, മുരിങ്ങയില, ലെറ്റിയുസി, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
- ക്യാരറ്റ്
ക്യാരറ്റിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിൽ ഒന്നാണ് കാഴ്ചശക്തി വർധിപ്പിക്കുക എന്നത്. ബീറ്റാകരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തിൽ ആഗീകരണം ചെയ്യുമ്പോൾ വൈറ്റമിൻ A ആയി മാറുന്നു. മാക്യുലർ ഡി ജനറേഷൻ, വർധക്യകാല തിമിരം എന്നിവയിൽ നിന്നൊക്കെ കണ്ണുകളെ സംരക്ഷിക്കുന്ന ബീറ്റാ കരോട്ടിന്റെ കലവറയാണ് ക്യാരറ്റ്. ക്യാരറ്റ് മാത്രമല്ല മറ്റ് പച്ചക്കറികളായ മത്തങ്ങ, മധുരക്കിഴങ്ങ്, ചേന, ചീര, പപ്പായ, തക്കാളി, ബ്രോക്കോളി തുടങ്ങിയവയിലും ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അവയൊക്കെ ആഹാരത്തിൽ ദിവസവും ഉൾപ്പെടുത്തുക.
- വിത്തുകളും എണ്ണക്കുരുക്കളും
വിവിധയിനം എണ്ണക്കുരുക്കളും വിത്തുകളും ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുന്നവയാണ്. ബദാം, ആപ്രിക്കോട്ട്, കശുവണ്ടി തുടങ്ങിയ എണ്ണക്കുരുക്കളിലും സൺഫ്ലവർ സീഡ്, മത്തങ്ങക്കുരു, ഫ്‌ലാക്സ്സീഡ്, ചിയാസീഡ് തുടങ്ങിയ വിത്തുകളിലും ധാരാളം ഓമേഗ 3, ഓമേഗ 6, വൈറ്റമിൻ E, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡിജനറേഷൻ, തിമിരം പോലുള്ള നേത്രരോഗങ്ങൾ എന്നിവയെ തടയാനും ഇവ സഹായിക്കുന്നുണ്ട്.
- പഴവർഗങ്ങൾ
പഴവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, ജീവകങ്ങൾ, ധാതുക്കൾ മുതലായവ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അമ്ലഗുണമുള്ള നാരങ്ങ, ഓറഞ്ച്, മുന്തിരി, മുസംബി, ബെറിപ്പഴങ്ങൾ തുടങ്ങിയവയിൽ ധാരാളം വൈറ്റാമിൻ C അടങ്ങിയിരിക്കുന്നു. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ഇവക്ക് സാധിക്കും. അതുപോലെ ചില തരം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന റെസ്്വെറാട്രോളിന് പ്രമേഹം മൂലമുണ്ടാകുന്ന കണ്ണുകളുടെ കാഴ്ചയെ ബാധിക്കുന്ന റെറ്റിനോപ്പതി എന്ന രോഗത്തിൽ നിന്ന് സംരക്ഷണമേകാൻ സാധിക്കും. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ കണ്ണിൽ കാണപ്പെടുന്ന പ്രകൃതിദത്ത രാസവസ്തുക്കൾ ആണ്. അതിനാൽ പഴവർഗങ്ങൾ പ്രതിദിനം കഴിക്കുന്നത് വളരെയധികം നല്ലതാണ്.
- തക്കാളി
ലൈക്കോപ്പിൻ, ലൂട്ടിൻ, ബീറ്റാകരോട്ടിൻ എന്നിവയാൽസമ്പന്നമാണ് തക്കാളി. പ്രകാശം മൂലമുള്ള കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന പ്രവർത്തനത്തിന് ഈ ആന്റി ഓസിഡന്റുകൾ ബന്ധപ്പെട്ടിരിക്കുന്നു. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡിജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങൾ തടയാൻ ഇവയെല്ലാം സഹായിക്കുന്നു.
- നെല്ലിക്ക
കാഴ്ചശക്തി മെച്ചപ്പെടുത്താനും സംരക്ഷിക്കാനും നെല്ലിക്കയും സഹായിക്കുന്നു. വൈറ്റാമിൻ C സമ്പുഷ്ടമായ നെല്ലിക്ക ഒരു പരിധിവരെ കണ്ണുകളുടെ പേശി ശക്തിപ്പെടുത്തുകയും തിമിരത്തെ തടയുകയും ചെയ്യുന്നു. തിമിരത്തിന്റെ ഉറവിടങ്ങളിലൊന്നായ ഫ്രീ റാഡിക്കലുകളെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിൻ സി തടയുകയും ചെയ്യുന്നു. ആരോഗ്യകരമായ കണ്ണുകൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ കാലഘട്ടത്തിലെ ഭക്ഷണരീതികളിൽ മാറ്റം വരുത്തി “സമീകൃതാഹാരം’ ശീലമാക്കുകയാണെങ്കിൽ കണ്ണുകളെ പരിപാലിച്ച് നേത്രരോഗങ്ങളിൽ നിന്ന് രക്ഷനേടാം.