Connect with us

Kerala

എഴംകുളം - കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷാവാസ്ഥ; കെ ആര്‍ എഫ് ബി ചീഫ് എന്‍ജിനിയറുടെ സന്ദര്‍ശനം മാറ്റി

പണികള്‍ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഇടയാക്കി

Published

|

Last Updated

പത്തനംതിട്ട | എഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തെ തര്‍ക്ക സ്ഥലത്ത് പണികള്‍ ആരംഭിച്ചത് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. തര്‍ക്ക സ്ഥലത്തെ ഓടനിര്‍മാണം തത്കാലം ഒഴിവാക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെയും സ്ഥലം എം എല്‍ എയുടെയും നിര്‍ദേശം മറികടന്നു നിര്‍മാണം ആരംഭിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ്അറസ്റ്റ്ചെയ്തു നീക്കി. ഇതിനിടെ പണികള്‍ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഇടയാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ്ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലെ തര്‍ക്കത്തിലുള്ള ഓടയുടെ പണികള്‍ ഒഴിച്ച് ബാക്കി ഭാഗത്തെ പണികള്‍ നടത്താനാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി റോഡിന്റെ പുറമ്പോക്ക് സ്ഥലം കൃത്യമായി അളന്നു രേഖപ്പെടുത്താനും മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി തര്‍ക്ക സ്ഥലത്ത് ഇന്നലെ രാവിലെ പണികള്‍ ആരംഭിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കിയത്.

ഓടയുടെ അലൈന്‍മെന്റ് മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേരത്തെ സ്ഥാപിച്ച കൊടി പോലീസിന്റെ നേതൃത്വത്തില്‍ എടുത്തു മാറ്റിയാണ് പണികള്‍ പുനരാരംഭിക്കാന്‍ ശ്രമമുണ്ടായത്. ഇതറിഞ്ഞ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ഓട നിര്‍മാണത്തില്‍ തര്‍ക്കം നില നില്‍ക്കുന്ന ഭാഗം കേരള റോഡ്ഫണ്ട് (കെ ആര്‍ എഫ് ബി) ചീഫ് എന്‍ജിനിയര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത് . എന്നാല്‍ നിര്‍മാണം ആരംഭിക്കാനുള്ള തീരുമാനമുണ്ടായതോടെ എന്‍ജിനിയറുടെ സന്ദര്‍ശനം മാറ്റുകയായിരുന്നുവെന്ന് പറയുന്നു. റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുമെന്നറിയിച്ചത്.

കൊടുമണ്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തായി ഓടയുടെ അലൈന്‍മെന്റില്‍ മാറ്റമുണ്ടെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് സിപിഎം ജില്ലാ കമ്മിറ്റിയംഗംകൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ. ശ്രീധരനാണ്.
അലൈന്‍മെന്റ് മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെ പരസ്യമായി വിമര്‍ശിച്ചു രംഗത്തുവന്ന കെ കെ ശ്രീധരന്റെ നിലപാട് അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തയാറായില്ല. സിപിഎം നേതൃത്വത്തില്‍ കൊടുമണ്ണില്‍ വിശദീകരണ യോഗം നടത്തി ശ്രീധരന്റെ നിലപാട് തിരുത്തിച്ചു. ഇതോടെയാണ് വിവാദ സ്ഥലത്തെ നിര്‍മാണം വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കും സിപിഎം എത്തിയത്.

 

Latest