Connect with us

Ongoing News

ഏഴഴക്; ലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ സെമിയില്‍

302 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേടിയത് ഈ ലോകകപ്പിലെ തങ്ങളുടെ തുടര്‍ച്ചയായ ഏഴാം വിജയം.

Published

|

Last Updated

മുംബൈ | ആദ്യം ബാറ്റിംഗില്‍ താണ്ഡവം, ശേഷം ബോളിംഗില്‍ ഇന്ദ്രജാലം…..ലോകകപ്പിലെ 33-ാംഅങ്കത്തില്‍ ശ്രീലങ്കയെ തകര്‍ത്തു തരിപ്പണമാക്കി ടീം ഇന്ത്യ സെമിയില്‍. 302 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേടിയത് ഈ ലോകകപ്പിലെ തങ്ങളുടെ തുടര്‍ച്ചയായ ഏഴാം വിജയം. ഇതോടെ പോയിന്റ് ടേബിളില്‍ 14 പോയിന്റോടെ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. 2023 ലോകകപ്പില്‍ ആദ്യം സെമിയിലെത്തുന്ന ടീമായും ഇന്ത്യ മാറി. വരുന്ന ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഉജ്ജ്വല ഫോമിലുള്ള ഇന്ത്യയുടെ റണ്‍സ്, വിക്കറ്റ് വേട്ടയില്‍ ലങ്ക അടപടലം തകര്‍ന്നു പോകുന്ന കാഴ്ചക്കാണ് ഇന്ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം സാക്ഷിയായത്. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 55 റണ്‍സിന് അടിയറവു പറഞ്ഞു. ലങ്കയെ ഈ ലോകകപ്പില്‍ നിന്നു തന്നെ പറഞ്ഞയക്കാന്‍ ഇന്ത്യക്ക് 19.4 ഓവര്‍ മാത്രമേ എറിയേണ്ടി വന്നുള്ളൂ. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ അമ്പേ നിലംപരിശാക്കിയത്. സിറാജ് തുടങ്ങി വച്ച വിക്കറ്റ് വേട്ട ഷമിയിലെത്തിയപ്പോള്‍ കൂടുതല്‍ രൗദ്രഭാവം പൂണ്ടു. അഞ്ച് ഓവര്‍ എറിഞ്ഞ ഷമി 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്തു. ഏഴ് ഓവര്‍ എറിഞ്ഞ സിറാജ് 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ബാക്കിയുള്ള രണ്ട് വിക്കറ്റ് ജസ്പ്രീത് ബുംറയും രവിന്ദ്ര ജഡേജയും പങ്കിട്ടു.

ലങ്കയുടെ അഞ്ച് ബാറ്റര്‍മാരാണ് പൂജ്യത്തിന് പുറത്തായത്. പാതും നിസ്സംഗ, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ദുഷന്‍ ഹേമന്ത, ദുഷ്മന്ത ചമീര എന്നിവരാണ് റണ്ണൊന്നമെടുക്കാനാകാതെ മടങ്ങിയത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍ എന്നറിയുമ്പോഴാണ് ലങ്കന്‍ പരാജയത്തിന്റെ ആഴം വ്യക്തമാവുക. എയ്ഞ്ചലോ മാത്യൂസ്, മഹീഷ് തീക്ഷ്ണ എന്നിവര്‍ 12 വീതം റണ്‍സ് നേടി. ദില്‍ഷന്‍ മധുശങ്ക (അഞ്ച്), കുസല്‍ മെന്‍ഡിസ് (ഒന്ന്), ചരിത് അസലംഗ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടു. നാല് റണ്‍സെടുത്തു നില്‍ക്കേ രോഹിതിനെ ദില്‍ഷന്‍ മധുശങ്ക ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍, പിന്നീട് നിയന്ത്രണം ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഗില്‍ 92 പന്തില്‍ 92ഉം കോലി 94 പന്തില്‍ 88ഉം റണ്‍സെടുത്തു. തുടര്‍ന്ന് അടിച്ചുതകര്‍ത്ത ശ്രേയസ് അയ്യര്‍ക്കും നിര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നഷ്ടമായി. 56 പന്തില്‍ 82 റണ്‍സാണ് അയ്യര്‍ അടിച്ചുകൂട്ടിയത്. രവിന്ദ്ര ജഡേജയും മോശമാക്കിയില്ല. 24 പന്തില്‍ 35 റണ്‍സ്. കെ എല്‍ രാഹുല്‍ (21), സൂര്യകുമാര്‍ യാദവ് (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ശ്രീലങ്കന്‍ ബോളര്‍മാരില്‍ ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ദുഷ്മന്ത ചമീര ഒരു വിക്കറ്റെടുത്തു.

Latest