Kerala
എഫ് ബി അക്കൗണ്ട് വിനയായി; നാലാം വിവാഹത്തിനുള്ള ശ്രമത്തിനിടയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക് സുഹൃത്താണ്. അവര്‍ നല്‍കിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്താക്കാന്‍ ഇടയാക്കിയത്
![](https://assets.sirajlive.com/2025/02/fraudarres-897x538.jpg)
പത്തനംതിട്ട | വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ പോലീസിന്റെ വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റില്‍ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. 2022 മാര്‍ച്ച് ഒന്നിനും ഈവര്‍ഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
കാസര്‍കോട്് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാള്‍ പിന്നീട് ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടര്‍ന്ന് കാസര്‍കോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി, അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.പിന്നീട് എറണാകുളത്ത് എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാള്‍ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടര്‍ന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അര്‍ത്തുങ്കല്‍ വച്ച് കല്യാണം കഴിച്ചു.
തന്ത്രശാലിയായ ദീപു, പരിചയപ്പെടുന്ന സ്ത്രീകളോടെല്ലാം തുടക്കത്തില്‍ പറയുക താന്‍ അനാഥനാണ് എന്നാണ്. വിവാഹം കഴിച്ചാല്‍ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിന്റെ വേദന മാറുകയും ചെയ്യും എന്ന് വൈകാരികമായി പറഞ്ഞു വിശ്വസിപ്പിച്ച് വലയില്‍ വീഴ്ത്തുകയും ചെയ്യും. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന പ്രതി, താല്പര്യം കുറയുമ്പോള്‍ അടുത്ത ഇരയെ തേടിപ്പോകുകയാണ് ചെയ്തുവന്നത്. ഇത്തരത്തിലായിരുന്നു മുമ്പ് മൂന്ന് സ്ത്രീകളെയും ഇയാള്‍ ചതിച്ചത്. ഇപ്പോള്‍ വിവാഹം കഴിച്ചു ഒപ്പം കഴിഞ്ഞുവന്ന യുവതിയ്ക്ക് ഇയാളില്‍ സംശയം ജനിച്ചത് കാരണമാണ് തട്ടിപ്പിന്റെ കഥകള്‍ പുറത്തായത്. ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക് സുഹൃത്താണ്. അവര്‍ നല്‍കിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്താക്കാന്‍ ഇടയാക്കിയത്. ഇയാള്‍ക്ക്, മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍, യുവതിയോടുള്ള താല്പര്യം കുറഞ്ഞതായി തോന്നി. തുടര്‍ന്ന്, ഇവരെ ഉപേക്ഷിച്ചുകടക്കാന്‍ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി കോന്നി പോലീസിനെ പരാതിയുമായി സമീപിച്ചത്. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് പ്രതി ബലാല്‍സംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.