Techno
പേയ്ഡ് സബ്‌സ്‌ക്രിപ്ഷനൊരുങ്ങി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും
ഇതുവരെ സൗജന്യമായിരുന്ന ചില ഫീച്ചറുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾ ഇനി പണം നൽകേണ്ടിവരും

സിഡ്നി| സോഷ്യൽ മീഡിയ ഭീമൻമാരായ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണമടച്ചുള്ള സേവനങ്ങൾ ആരംഭിച്ചു. ഇതുവരെ സൗജന്യമായിരുന്ന ചില ഫീച്ചറുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾ ഇനി പണം നൽകേണ്ടിവരും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ആദ്യഘട്ടത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ 14.99 യുഎസ് ഡോളറിനാണ് വരിക്കാരാവാന്‍ സാധിക്കുക.
സോഷ്യല്‍ മീഡിയ ഫീച്ചറുകള്‍ക്ക് പണം നല്‍കാനുള്ള ഉപയോക്താക്കളുടെ സന്നദ്ധതയാണ് ഇത് ലക്ഷ്യമിടുന്നത്. പരസ്യ വരുമാനത്തില്‍ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ സ്ഥാപനമായ മെറ്റ നിർണായക തീരുമാനമെടുക്കുന്നത്.
ആള്‍മാറാട്ടത്തിനെതിരായ സംരക്ഷണം, ഉപഭോക്തൃ പിന്തുണയിലേക്കുള്ള നേരിട്ടുള്ള ആക്സസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾക്കാണ് പണം ഈടാക്കുന്നത്. ഇതുവഴി തങ്ങളുടെ രണ്ട് ബില്യണ്‍ ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനുള്ള ശ്രമത്തിലാണ് മെറ്റ.