First Gear
മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റയുട ഡീസൽ പതിപ്പ് വീണ്ടും വിപണിയിലേക്ക്
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ടൊയോട്ട താത്കാലികമായി പിൻവലിച്ചിരുന്നത്.
മുംബൈ |ഒരിടവേളക്ക് ശേഷം ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ പതിപ്പ് വീണ്ടും വിപണിയിലേക്ക്. ഇടക്കാലത്ത് നിർത്തിവെച്ച ഡീസൽ പതിപ്പാണ് മലിനീകരണം നിയന്ത്രണ നിയമങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ വരുത്തി വീണ്ടും വിപണിയിൽ അവതരിപ്പിക്കുന്നത്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ടൊയോട്ട താത്കാലികമായി പിൻവലിച്ചിരുന്നത്. ഡീസൽ പതിപ്പിന്റെ ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. 50,000 രൂപ നല്‍കി ഇപ്പോൾ വാഹനം ബുക്ക് ചെയ്യാം.
മുഖഛായയാകെ മാറ്റിയാണ് ക്രിസ്റ്റ ഡീസൽ പതിപ്പിന്റെ രണ്ടാം വരവ്. മുന്‍വശത്താണ് കൂടുതലും മാറ്റങ്ങള്‍ വരുക. നവീകരിച്ച ബമ്പറിലേക്ക് ഇറങ്ങിനില്‍ക്കുന്ന രീതിയിലാണ് ഗ്രില്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ഇന്റീരിയലിൽ കാര്യമായ മാറ്റങ്ങളില്ല.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ക്രിസ്റ്റയുടെ അകത്തളത്ത മിഴിവുറ്റതാക്കുന്നു. എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഓട്ടോമാറ്റിക്ക് എ സി, സീറ്റ് ബാക്ക് ടോബില്‍, ടി എഫ് ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ എന്നിവ ക്രിസ്റ്റയുടെ മറ്റു പ്രത്യേകതകളാണ്.
20 ലക്ഷം രൂപയാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സൂപ്പർവൈറ്റ്, സിൽവർ, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റ് ഗാർഡ് ബ്രോൺസ് എന്നീ നിറങ്ങളിൽ ഇന്നോവ ക്രിസ്റ്റ ലഭ്യമാകും. ഏഴ് സീറ്റ് ലേഔട്ട് ആണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്. G, Gx, Vx ട്രിമ്മുകൾക്ക് എട്ട് സീറ്റർ ലേഔട്ട് തിരഞ്ഞെടുക്കാനും സാധിക്കും.