Kozhikode
വാന നിരീക്ഷണത്തിന് ഉള്‍പ്പെടെ സൗകര്യം; കടലുണ്ടി കോര്‍ണിഷ് മസ്ജിദ് സമര്‍പ്പണം നാളെ
ഭംഗിയായി പണികഴിപ്പിച്ച വിശാലമായ കോണ്‍ഫറന്‍സ് ഹാളും നാല് വശവും ചുറ്റപ്പെട്ട കോറിഡോറും മസ്ജിദിന് കൂടുതല്‍ ദൃശ്യഭംഗിയൊരുക്കുന്നതാണ്. പള്ളിയെന്നതിനപ്പുറം ഒരു സാംസ്‌കാരിക സമുച്ചയം കൂടിയാണിത്.
കടലുണ്ടി | കൗതുകവും പുതുമകളും സമ്മാനിച്ച് വിശ്വാസികളുടെയും കാഴ്ചക്കാരുടെയും മനംകവരുന്ന കടലുണ്ടി കോര്‍ണിഷ് മസ്ജിദ് നാളെ നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 6.30 ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കോര്‍ണിഷ് മസ്ജിദ് സമര്‍പ്പണം നടത്തും.
വാനനിരീക്ഷണ സൗകര്യത്തോട് കൂടി കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കോര്‍ണിഷ് മുഹ്യിദ്ദീന്‍ മസ്ജിദാണ് ടര്‍ക്കിഷ് അറേബ്യന്‍ വാസ്തുശില്‍പ്പ ഭംഗി കൊണ്ടും അത്യാകര്‍ഷണ ആര്‍കിടെക്ക് കൊണ്ടും അതിശയിപ്പിക്കുന്നതാണ്. കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ മനഃശാന്തിയോടെ ആരാധനകള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഓപ്പണ്‍ ദര്‍ബാറും പുത്തന്‍സാങ്കേതിക വിദ്യയോട് കൂടിയുള്ള ടെലസ്‌കോപ്പ് ഡോംമ്പ് വാനനിരീക്ഷണവും കോര്‍ണിഷ് മസ്ജിദിന്റെ പ്രത്യേകതളാണ്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും കടലിന്റെ വിദൂരതയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ദിശകാണിച്ച് പ്രകാശിക്കുന്ന മിനാരവും കോര്‍ണിഷ് മസ്ജിദിനെ ഇതര പള്ളികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.
ഗോളശാസ്ത്ര പഠനവും വാനനിരീക്ഷണവും ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ പേര്‍ക്ക് നിരീക്ഷണത്തിനും പഠനത്തിനും അവസരമൊരുക്കാന്‍ കൂടിയാണ് പള്ളിയില്‍ ടെലസ്‌കോപ്പ് ടോംമ്പ് സ്ഥാപിക്കുന്നതെന്ന് മഹല്ല് ഖാളിയും പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ഭംഗിയായി പണികഴിപ്പിച്ച വിശാലമായ കോണ്‍ഫറന്‍സ് ഹാളും നാല് വശവും ചുറ്റപ്പെട്ട കോറിഡോറും മസ്ജിദിന് കൂടുതല്‍ ദൃശ്യഭംഗിയൊരുക്കുന്നതാണ്. പള്ളിയെന്നതിനപ്പുറം ഒരു സാംസ്‌കാരിക സമുച്ചയം കൂടിയാണിത്. ഹോസ്പൈസ് പാലിയേറ്റീവ്, മദ്യമുക്ത തീരം, ഭിന്നശേഷി സൗഹൃദ മഹല്ല്, കരിയര്‍ ക്ലിനിക്, ഖാളി ഹൗസ്, എജ്യുഗൈറ്റ് തുടങ്ങിയ കോര്‍ണിഷ് പ്രൊജക്ടുകളാണ് നിലവില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍.
വിനോദസഞ്ചാരികള്‍ക്കും ഗവേഷണ, ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള റിസേര്‍ച്ച് സെന്ററും ഗസ്റ്റ് റൂമുകളും പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.
വിജ്ഞാനസമ്പാദനത്തിനും ഖുര്‍ആന്‍ പഠനത്തിനുമുള്ള അത്യാധുനിക സൗകര്യങ്ങളും ബേയ്സ്മെന്റ് ഫ്ളോറടക്കം നാല് നിലകളിലായി പണികഴിപ്പിച്ച ഈ പള്ളിയുടെ മറ്റൊരു പ്രത്യേകതയാണ്. പ്രശസ്ത ആര്‍കിടെക്ക് ത്വാഹിറുദ്ദീന്‍ കബീറിന്റെ ദീന്‍ ഉമര്‍ അസോസിയേറ്റ്സ് ആണ് കോര്‍ണിഷ് മസ്ജിദിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 9 ന് തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ കോര്‍ണിഷ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. എന്‍.വി ബാവ ഹാജി കടലുണ്ടി അദ്ധ്യക്ഷത വഹിക്കും.
വൈകുന്നേരം നടക്കുന്ന സമര്‍പ്പണ സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, പകര മുഹമ്മദ് അ്സനി, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, മജീദ് കക്കാട്, സ്ട്രോംഗ് ലൈറ്റ് നാസര്‍ ഹാജി, ഈത്തപ്പഴം ബാവ ഹാജി എന്നിവര്‍ പ്രസംഗിക്കും.