Connect with us

fact check

FACT CHECK: തമിഴ്‌നാട്ടില്‍ ബിഹാറികൾക്കെതിരെ വ്യാപക അക്രമമെന്ന വീഡിയോകള്‍ക്ക് പിന്നില്‍

കുടിയേറ്റ തൊഴിലാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വ്യാപക അക്രമമെന്ന് അവകാശപ്പെടുന്ന വീഡിയോകളുടെ സത്യാവസ്ഥ അറിയാം:

Published

|

Last Updated

ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ വ്യാപകമായി ആക്രമിക്കുന്നുവെന്ന് അവകാശപ്പെട്ട് ധാരാളം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാറിലെ ബി ജെ പിയും ചില കേന്ദ്ര മന്ത്രിമാരും വരെ ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വ്യാപക അക്രമമെന്ന് അവകാശപ്പെടുന്ന വീഡിയോകളുടെ സത്യാവസ്ഥ അറിയാം:

1. ബിഹാറില്‍ നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്ന അടിക്കുറിപ്പോടെ സംസ്ഥാന ബി ജെ പി ട്വിറ്ററില്‍ ഗ്രാഫിക്‌സ് കാര്‍ഡ് പോസ്റ്റ് ചെയ്തു. ഈ പോസ്റ്ററില്‍ ഒരു മര്‍ദന ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ബിഹാറികളെ ആക്രമിക്കുന്നു എന്ന് തെളിയിക്കാനാണ് ഈ സ്‌ക്രീന്‍ ഷോട്ട് നല്‍കിയത്. ഈ പോസ്റ്റ് കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബെ അടക്കമുള്ള നിരവധി പേര്‍ റിട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ ബിഹാറികളെ ആക്രമിക്കുമ്പോഴും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുകയാണെന്നും പോസ്റ്റിലുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ടിന്റെ വസ്തുത പരിശോധിക്കാം.

ഈ വീഡിയോ ഹൈദരാബാദിലെ ജിയാഗുഡയില്‍ നിന്നുള്ളതാണ്. 29കാരനായ ജംഗം സായ്‌നാഥ് എന്ന കുടിയേറ്റ തൊഴിലാളിയെ ജനമധ്യത്തില്‍ വെച്ച് വെട്ടിക്കൊല്ലുന്ന ദൃശ്യമാണിത്. തൊഴിലാളിക്ക് ഒരു സ്ത്രീയോടുള്ള ബന്ധം കാരണമാണ് ആകാശ്, ടില്ലു, സോനു എന്നിവര്‍ ഈ തൊഴിലാളിയെ കൊന്നത്. ജനുവരി 23ന് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ചുരുക്കത്തില്‍, തമിഴ്‌നാട്ടില്‍ കുടിയേറ്റ തൊഴിലാളിയെ ആക്രമിക്കുന്ന വീഡിയോ അല്ലിത്.

2. ഹിന്ദി വാര്‍ത്താ ചാനലായ എ ബി പി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് രണ്ടാമതായി വ്യാജ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിഹാറിയെ മര്‍ദിക്കുന്നു എന്ന വാര്‍ത്തക്കൊപ്പം നല്‍കിയ വീഡിയോ സ്‌ക്രീന്‍ ഷോട്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ വീഡിയോ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ളതാണ്. നേരത്തേ വര്‍ഗീയ പശ്ചാത്തലത്തിലും സമാന വീഡിയോ പ്രചരിപ്പിച്ചിരുന്നു. അന്ന് അത് സിറാജ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ ഫാക്ട് ചെയ്തതാണ്. https://www.sirajlive.com/fact-check-did-muslims-attack-a-priest-in-rajasthan-the-truth-of-the-video-is-known.html

3. കോടാലി ഉപയോഗിച്ച് ഒരാളെ തെരുവില്‍ ആക്രമിക്കുന്ന വീഡിയോ ആണ് അടുത്തതായി വ്യാജ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കര്‍ണാടകയില്‍ വളരെ മുമ്പ് സംഭവിച്ചതാണ്. കൊവിഡ് കാലത്ത് പല മാധ്യമങ്ങളും ഇത് ഫാക്ട് ചെക്ക് ചെയ്തിരുന്നു. വ്യക്തിവിരോധം കാരണമാണ് ഈ അക്രമമെന്നും ഉത്തരവാദികളായ നാല് പേരെ അറസ്റ്റ് ചെയ്‌തെന്നും അന്ന് ഹാവേരി എസ് പി ഹനുമന്ത് റായ് പറഞ്ഞിരുന്നു.

4. എ24 ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ആണ് മറ്റൊന്ന്. രണ്ട് വീഡിയോകളാണ് ഈ മാധ്യമം പോസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് മൗനം ദീക്ഷിക്കുന്നത് എന്നാണ് അടിക്കുറിപ്പ് നല്‍കിയത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ഈ സംഭവമെങ്കിലും പ്രചരിപ്പിക്കുന്നത് പോലെ ബിഹാറി തൊഴിലാളിയെ ആക്രമിക്കുന്നതല്ല. കോടതിക്ക് സമീപം വെച്ച് കൊലക്കേസ് പ്രതിയെ അഞ്ചംഗ സംഘം ആക്രമിക്കുന്നതിന്റെ വീഡിയോ ആണിത്. കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വന്ന ഗോകുല്‍ എന്ന 24കാരനെ ചായക്കടയില്‍ വെച്ച് സംഘം ആക്രമിക്കുകയായിരുന്നു. ഗോകുലിന്റെ സുഹൃത്ത് മനോജിനും മര്‍ദനമേറ്റിരുന്നു. ചുരുക്കത്തില്‍, തമിഴ്‌നാട്ടില്‍ ബിഹാറികള്‍ ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോകള്‍ യഥാര്‍ഥ പശ്ചാത്തലത്തില്‍ നിന്ന് മാറ്റി ഉപയോഗിച്ചവയാണ്.

 

 

Latest