Connect with us

fact check

FACT CHECK: പാക് പതാക ഉയര്‍ത്തിയതിന് യു പിയില്‍ പള്ളി പൊളിച്ചുവോ?

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഹാന്ദിയയിലെ ശാഹി മസ്ജിദ് ആണ് പൊളിച്ചത്.

Published

|

Last Updated

തിരക്കേറിയ റോഡില്‍ ഒരു ക്രെയിനും എക്‌സവേറ്ററും ഉപയോഗിച്ച് പുരാതനമായ പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യത്യസ്ത അവകാശവാദങ്ങളോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഹാന്ദിയയിലെ ശാഹി മസ്ജിദ് ആണ് പൊളിച്ചത്. ഇതുസംബന്ധിച്ച് വിശദമായി അറിയാം:

അവകാശവാദങ്ങള്‍ : താഴികക്കുടത്തില്‍ പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തിയതിന് ഉത്തര്‍ പ്രദേശിലെ സൈദാബാദില്‍ യോഗി ഭരണകൂടം പള്ളി പൊളിച്ചിരിക്കുന്നു (സംഘ്പരിവാര്‍ കേന്ദ്രങ്ങളിലെ പ്രചാരണം). റോഡ് വീതി കൂട്ടുക എന്ന പേരിലാണ് 500 വര്‍ഷം പഴക്കമുള്ള മസ്ജിദ് യു പിയില്‍ തകര്‍ത്തത്. ഇതിനെതിരെ പ്രതിഷേധവുമായി ഒരു സംഘടനയും രംഗത്തുവന്നത് കണ്ടില്ല (വാട്ട്‌സാപ്പ് പ്രചാരണം).

വസ്തുത : പാക് പതാക ഉയര്‍ത്തിയതിന് പള്ളി പൊളിച്ചുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് പ്രയാഗ് രാജ് പോലീസ് അറിയിച്ചു. പ്രയാഗ് രാജ്- ഹാന്ദിയ റോഡ് വീതി കൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് ആണ് പള്ളി പൊളിച്ചത്. ജനുവരി ഒമ്പതിന് വന്‍ പോലീസ് സാന്നിധ്യത്തിലായിരുന്നു ഇത്. പള്ളിക്കമ്മിറ്റിയുമായി ഒരു കരാര്‍ ഉണ്ടാക്കിയതിന് ശേഷമാണ് പി ഡബ്ല്യു ഡി പള്ളി പൊളിച്ചതെന്നും പ്രയാഗ് രാജ് പോലീസിന്റെ മീഡിയ സെല്‍ അറിയിച്ചു.

അതേസമയം, പൊളിക്കലിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്, ജനുവരി 16ന് ഹരജിയില്‍ വാദം കേട്ടു.

Latest