Connect with us

fact check

FACT CHECK: ശഹീന്‍ ബാഗ് സമര നായിക ബില്‍കിസ് ബാനു അയോധ്യയിലേക്ക് തീര്‍ഥാടനം നടത്തിയോ?

സത്യാവസ്ഥയറിയാം:

Published

|

Last Updated

വിവാദ പൗരത്വ ഭേദഗതി നിയമ(സി എ എ)ത്തിനെതിരെ ഡല്‍ഹിയിലെ ശഹീന്‍ബാഗ് കേന്ദ്രമാക്കി സമരം നടത്തി ലോകശ്രദ്ധ നേടിയ സമര നായിക ബില്‍കിസ് ബാനു രാമക്ഷേത്ര നിര്‍മാണം നടത്തുന്ന അയോധ്യയിലേക്ക് തീര്‍ഥാടനം നടത്തിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. വയോധികമാരുടെ രണ്ട് ഫോട്ടോകള്‍ ചേര്‍ത്താണ് ഈ പ്രചാരണം. ഇതിലൊന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഒരു വയോധികയെ അഭിവാദ്യം ചെയ്യുന്നതാണ്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : ഏറ്റവും വലിയ തട്ടിപ്പുകാരി ബില്‍കിസ് ബാനുവിനെ കെജ്രിവാള്‍ സന്ദര്‍ശിക്കിക്കുന്ന ചിത്രമാണിത്. ശഹീന്‍ ബാഗില്‍ വെച്ച് ബിരിയാണിയും കര്‍ഷക പ്രതിഷേധ വേദിയില്‍ ബദാം ഹല്‍വയും തിന്ന ബില്‍കിസ് ബാനു, ഇപ്പോള്‍ അയോധ്യയിലേക്ക് പോകുകയാണത്രെ! (ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്).

യാഥാര്‍ഥ്യം : പ്രചരിപ്പിക്കുന്ന രണ്ട് ഫോട്ടോയും ബില്‍കിസ് ബാനുവിന്റെത് അല്ല. കെജ്രിവാള്‍ അഭിവാദ്യം ചെയ്യുന്ന വയോധിക ഉള്‍പ്പെടുന്ന ആദ്യ ചിത്രം, എ എ പി സര്‍ക്കാറിന്റെ അയോധ്യ തീര്‍ഥാടന പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നുള്ളതാണ്. ഡിസംബര്‍ മൂന്നിന് കെജ്രിവാളിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സര്‍ക്കാര്‍ വക തീര്‍ഥ യാത്രാ പദ്ധതിയായ മുഖ്യമന്ത്രി തീര്‍ഥ് യാത്ര യോജന പ്രകാരം ആയിരം പേരാണ് ട്രെയിനില്‍ പോയത്. ഈ ട്രെയിനിലുണ്ടായിരുന്ന തീര്‍ഥാടകയെ കെജ്രിവാള്‍ അഭിവാദ്യം ചെയ്യുന്നതാണ് ബില്‍കിസ് ബാനുവിന്റെതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

പ്രചരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം വടിയും കുത്തി കൂനിക്കൂടി നടക്കുന്ന വയോധികയുടെത് ആണ്. ഇതിലുള്ളതും ബില്‍കിസ് ബാനുവല്ല. മറിച്ച്, ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ബഹദുര്‍ഗഢ് ജന്‍ഡ്യന്‍ ഗ്രാമത്തില്‍ നിന്നുള്ള മൊഹിന്ദര്‍ കൗര്‍ എന്ന വയോധികയാണ്. ഇവരുടെ ചിത്രം ബില്‍കിസ് ബാനുവിന്റെതായി നേരത്തേ പലതവണ കങ്കണ റണാവത്ത് അടക്കമുള്ള പലരും പ്രചരിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest