fact check
FACT CHECK: കൊവിഡ് വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവോ?
ഇംഗ്ലീഷിലാണ് നിലവില്‍ പ്രചാരണമെങ്കിലും വരുംദിവസങ്ങളില്‍ മലയാളത്തിലടക്കം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
കൊവിഡ്- 19 പ്രതിരോധ വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവെന്ന പ്രചാരണം വാട്ട്‌സാപ്പിലുണ്ട്. ഇംഗ്ലീഷിലാണ് നിലവില്‍ പ്രചാരണമെങ്കിലും വരുംദിവസങ്ങളില്‍ മലയാളത്തിലടക്കം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. പ്രചാരണത്തിലെ നെല്ലും പതിരും പരിശോധിക്കാം:
പ്രചാരണം : ലോകത്ത് നിലവിലുള്ള കൊവിഡ് വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടിരിക്കുന്നു. വിചാരിച്ചതിനേക്കാള്‍ അപകടകാരിയാണ് ഈ വാക്‌സിനുകള്‍. ജനിതക അടിസ്ഥാനത്തിലുള്ള എല്ലാ വാക്‌സിനുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. (വാട്ട്‌സാപ്പ് പ്രചാരണം).
വസ്തുത : ഡെയ്‌ലി എക്‌സ്‌പോസ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ ലേഖനത്തിലെ വരികളാണ് പ്രചരിക്കുന്നത്. കൊവിഡ് വാക്‌സിനുകളെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് വിലക്ക് ലഭിച്ച വെബ്‌സൈറ്റ് കൂടിയാണിത്. ലേഖനത്തിന്റെ തുടക്കത്തില്‍ ‘സറ്റയര്‍’ എന്ന വാക്ക് കാണാം. സമാന്തര ലോകത്ത് വെച്ച് കൊവിഡ് വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവെന്നാണ് ലേഖനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷവും സമാന പ്രചാരണമുണ്ടായിരുന്നു. അന്ന് സിറാജ് ലൈവ് ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. വിവാദമായതിനെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഖേദപ്രകടനം നടത്തിയിരുന്നു.