fact check
FACT CHECK: ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമോ?
ഇതിന്റെ വസ്തുത മനസ്സിലാക്കാം:
ആസ്ത്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക്‌സ് ആന്‍ഡ് പീസ് (ഐ ഇ പി) പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ 20 ഭീകര സംഘടനകളിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ)യും ഉണ്ടെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. ഈ പട്ടികയില്‍ സി പി ഐയുടെ സ്ഥാനം 12 ആണെന്നാണ് പ്രചാരണം. ഇതിന്റെ വസ്തുത മനസ്സിലാക്കാം:
പ്രചാരണം : 2022ല്‍ ലോകത്ത് ഏറ്റവും വിനാശം വിതച്ച ഭീകര സംഘടനകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നു. ഐ എസ് അടക്കമുള്ള ഭീകര സംഘങ്ങള്‍ക്കൊപ്പമാണ് സി പി ഐയെയും എണ്ണിയത്. അടുത്ത തവണ ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കട്ടെയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം. സാമൂഹിക മാധ്യമങ്ങളിലെ സംഘ്പരിവാര്‍ മുഖങ്ങളായ പ്രതീഷ് വിശ്വനാഥ്, ശ്രീജിത് പണിക്കര്‍ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഈ പ്രചാരണം നടത്തുന്നുണ്ട്.
Congratulations Communist Party of India for being named in top 20 deadliest terror groups of 2022. Your name is found amoung your sister concerns ie jehadi outfits.
Try to be in top 10 next time. pic.twitter.com/kb6bITYNEi
— Pratheesh Viswanath (@pratheesh_Hind) March 16, 2023
വസ്തുത : ഐ ഇ പി യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യെയാണ്. എന്നാല്‍ ബ്രാക്കറ്റില്‍ മാവോയിസ്റ്റ് എന്ന് നല്‍കാന്‍ വിട്ടുപോകുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ ഐ ഇ പി പട്ടിക പുതുക്കുകയും മാവോയിസ്റ്റ് എന്ന് ചേര്‍ക്കുകയും ചെയ്തു. തെറ്റ് തിരുത്തുന്നതിന് മുമ്പുള്ള പട്ടികയാണ് രാഷ്ട്രീയലക്ഷ്യത്തോടെ പ്രചരിപ്പിച്ചത്.
Thanks for noting this @PanickarS.
The GTI report utilises Dragonfly’s Terrorism Tracker data and incorporated the terminology used in their database, which mislabelled the Communist Party of India as it did not include the correct (Maoist) attribution.
— IEP Global Peace Index (@GlobPeaceIndex) March 17, 2023
റിപബ്ലിക് ടി വി, ന്യൂസ് ഭാരതി, കേരള കൗമുദി അടക്കമുള്ള മാധ്യമങ്ങള്‍ സി പി ഐയെ ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഐ ഇ പി തെറ്റുതിരുത്തിയിട്ടും ചില മാധ്യമങ്ങളില്‍ അതേപടി കിടക്കുന്നുണ്ട്. സി പി ഐ എന്നത് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാല്‍ ഭീകര സംഘടനയില്‍ എണ്ണിയത് തെറ്റാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. മാത്രമല്ല, സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നാല്‍, സി പി ഐ മാവോയിസ്റ്റ് 2009 മുതല്‍ രാജ്യത്ത് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാണ്. സൈനികരെയും പോലീസുകാരെയുമൊക്കെ കൊന്ന സായുധ സംഘടന കൂടിയാണ് സി പി ഐ മാവോയിസ്റ്റ്.