Connect with us

fact check

FACT CHECK: ഈ ചിത്രം മന്‍മോഹന്‍ കാലത്തെ ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചുകീറുന്നതോ?

ഇതിന്റെ വസ്തുത മനസ്സിലാക്കാം:

Published

|

Last Updated

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍, ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്തെ ഓര്‍ഡിനന്‍സ് അദ്ദേഹം വലിച്ചുകീറുന്നുവെന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അയോഗ്യതാ പ്രശ്‌നം മറികടക്കാന്‍ രണ്ടാം യു പി എ കാലത്ത് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ രാഹുല്‍ വലിച്ചുകീറിയെന്നും ഇല്ലായിരുന്നെങ്കില്‍ രാഹുല്‍ ഇപ്പോഴും എം പിയായി തുടര്‍ന്നേനെയെന്നുമാണ വ്യാപക പ്രചാരണം. ഇതിന്റെ വസ്തുത മനസ്സിലാക്കാം:

പ്രചാരണം : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് 2013ല്‍ രാഹുല്‍ ഗാന്ധി വലിച്ചുകീറുന്നു. സ്വന്തം സര്‍ക്കാര്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സ് വലിച്ചുകീറിയില്ലായിരുന്നെങ്കില്‍, രാഹുല്‍ ഇപ്പോഴും പാര്‍ലിമെന്റില്‍ ഉണ്ടായേനെ (ട്വിറ്ററിലെ പ്രചാരണം).

വസ്തുത : ഈ പ്രചാരണത്തിനായി ഉപയോഗിച്ച ചിത്രം രാഹുല്‍ ഓര്‍ഡിനന്‍സ് വലിച്ചുകീറുന്നതല്ല. മറിച്ച്, 2012ലെ യു പിയില്‍ വെച്ച് സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കുമെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതാണ്. ഇരുപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അടങ്ങിയ പേപ്പര്‍ വലിച്ചുകീറുന്ന ചിത്രമാണ് പശ്ചാത്തലം മാറ്റി പ്രചരിപ്പിക്കുന്നത്.

2013 സെപ്തംബര്‍ 27നാണ് ഡല്‍ഹിയില്‍ വെച്ച് ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഓര്‍ഡിനന്‍സ് നിറയെ മണ്ടത്തരങ്ങളാണെന്നും ഇത് കീറിയെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ട്. എന്നാല്‍, വാര്‍ത്താ സമ്മേളത്തില്‍ അദ്ദേഹം ഒരിക്കലും ഓര്‍ഡിനന്‍സ് പേപ്പര്‍ കീറിയെറിഞ്ഞിട്ടില്ല. അതിനാല്‍ പേപ്പര്‍ കീറിയെറിയണമെന്ന് അദ്ദേഹം പറഞ്ഞത് ആലങ്കാരികമാണെന്ന് മനസ്സിലാകുന്നു.

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധി മൂന്ന് മാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നത് വരെ അംഗത്വം നഷ്ടപ്പെടില്ലെന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(നാല്) വകുപ്പ് 2013ലാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാറിനെതിരെ മലയാളി അഭിഭാഷക ലില്ലി തോമസ് ആണ് ഹരജി നല്‍കിയത്. ഈ വിധി മറികടക്കാനാണ് യു പി എ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. രാഹുല്‍ ഗാന്ധി പരസ്യമായി ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഓര്‍ഡിനന്‍സ് പാസ്സാക്കിയതുമില്ല.

Latest