Connect with us

fact check

FACT CHECK: ട്രംപിനെ അമേരിക്കന്‍ പോലീസ് ഓടിച്ചിട്ട് പിടിച്ചതോ?

കുറ്റവാളികളുടെ വസ്ത്രമണിയിച്ചുള്ള ട്രംപിന്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്.

Published

|

Last Updated

കോടതിയില്‍ ഹാജരായി അറസ്റ്റ് വരിച്ചതിന് പിന്നാലെ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസുകാര്‍ ട്രംപിനെ ഓടിച്ചുപിടിക്കുന്നതും കീഴടക്കുന്നതുമൊക്കെയാണ് ചിത്രങ്ങള്‍. ട്വിറ്ററിലാണ് കാര്യമായ പ്രചാരണം. കുറ്റവാളികളുടെ വസ്ത്രമണിയിച്ചുള്ള ട്രംപിന്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുത മനസ്സിലാക്കാം:

പ്രചാരണം : ട്രംപിനെ കുറ്റവാളിയാക്കി ഫോട്ടോയെടുത്തിരിക്കുന്നു. അതിനാല്‍, 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനായി അദ്ദേഹത്തിന് 47 ഡോളര്‍ സംഭാവന നല്‍കുക. ഈ ചിത്രത്തോടൊപ്പം കുറ്റവാളിയല്ല എന്നെഴുതിയ ടി ഷര്‍ട്ട് നല്‍കുമെന്നാണ് ട്രംപിന്റെ ഔദ്യോഗിക പ്രചാരണ ടീം അയച്ച ഇ മെയിലില്‍ പറയുന്നത്. തെരുവില്‍ നിരവധി ജനങ്ങളുടെ അകമ്പടിയോടെ ട്രംപ് നടന്നുപോകുന്ന ഫോട്ടോ മകന്‍ എറിക് ട്രംപ് ട്വീറ്റ് ചെയ്തു. ഓറഞ്ച് ഷര്‍ട്ട് ധരിച്ച ഫോട്ടോയും പ്രചരിക്കുന്നുണ്ട്.

വസ്തുത : അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ട്രംപിന്റെ വിരലടയാളം എടുത്തെങ്കിലും കുറ്റവാളിയെന്ന നിലക്കുള്ള ഫോട്ടോ എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ മാഗീ ഹാബര്‍മാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ്സും സമാന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറ്റവാളിയെന്ന തരത്തിലുള്ള ഫോട്ടോ നിര്‍മിത ബുദ്ധി (എ ഐ) ഉപയോഗിച്ച് നിര്‍മിച്ചതാണ്.

ട്രംപിന്റെ മകന്‍ എറിക് ട്രംപ് ട്വീറ്റ് ചെയ്ത തെരുവിലെ ചിത്രം ഒറ്റനോട്ടത്തില്‍ വ്യാജമാണെന്ന് മനസ്സിലാക്കാം. ഇതും എ ഐ സഹായത്താലുള്ള ഫോട്ടോയാണ്. അതേസമയം, ട്രംപിനെ പോലീസുകാര്‍ ഓടിച്ചിട്ടുപിടിക്കുന്നതും കീഴടക്കുന്നതും വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കഴിഞ്ഞ മാസം ട്വിറ്ററില്‍ പ്രചരിച്ച ഫോട്ടോകളാണ്. ഇതും എ ഐ ഫോട്ടോകളാണ്. ഓപണ്‍ സോഴ്‌സ് അന്വേഷണ വെബ്‌സൈറ്റ് ബെല്ലിംഗ്കാറ്റിന്റെ സ്ഥാപകന്‍ എലിയറ്റ് ഹിഗ്ഗിന്‍സ് ആണ് എ ഐ സഹായത്തോടെ ഈ ഫോട്ടോകള്‍ നിര്‍മിച്ചത്. ട്രംപിന്റെ 50 എ ഐ ഫോട്ടോകളാണ് ഹിഗ്ഗിന്‍സ് നിര്‍മിച്ചത്. ട്രംപ് കോടതിയില്‍ ഹാജരായ പശ്ചാത്തലത്തില്‍ ഇവ വീണ്ടും വൈറലാകുന്നുണ്ട്.

---- facebook comment plugin here -----

Latest