fact check
FACT CHECK: കര്‍ഷക നിയമം പിന്‍വലിച്ചതോടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയില്ലാതായോ? കര്‍ഷകര്‍ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുകയാണോ?
ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയില്ലാതായെന്നും കര്‍ഷകര്‍ ഇവ നിരത്തുകളില്‍ ഉപേക്ഷിക്കുകയാണെന്നുമുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യയിലാണ് ഇത്തരം പ്രതിഷേധങ്ങളെന്ന് പോസ്റ്റുകളില്‍ പറയുന്നു. സത്യാവസ്ഥ പരിശോധിക്കാം:
അവകാശവാദം : ഇടനിലക്കാര്‍ തക്കാളിക്ക് യഥാര്‍ഥ വില നല്‍കാത്തതിനാല്‍ ദക്ഷിണേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം. ഒരു കിലോ തക്കാളിക്ക് വെറും 75 പൈസയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍, കര്‍ഷകര്‍ റോഡില്‍ തക്കാളി എറിയുന്ന ദൃശ്യമാണിത്. ഇടനിലക്കാര്‍ കാരണം ഉത്തരേന്ത്യയില്‍ തക്കാളി ക്ഷാമം നേരിടുന്നു. ഇപ്പോഴാണ് എല്ലാവര്‍ക്കും മോദിയുടെ കര്‍ഷക നിയമത്തിന്റെ പ്രാധാന്യം മനസ്സിലായത് (ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന പോസ്റ്റില്‍ നിന്ന്. പോസ്റ്റിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ ദൃശ്യവുമുണ്ട്).
യാഥാര്‍ഥ്യം : ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ മെയ് 15ന് സംപ്രേഷണം ചെയ്ത വാര്‍ത്തയാണിത്. കര്‍ണാടകയിലെ തക്കാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍ എന്നതാണ് വാര്‍ത്ത. അന്ന് കൊവിഡ് രണ്ടാം തരംഗം കാരണം ബെംഗളൂരുവില്‍ തക്കാളി വില കിലോക്ക് 75 പൈസയായി തകര്‍ന്നടിഞ്ഞിരുന്നു. തുടര്‍ന്ന് കോളാറിലെയും മറ്റ് പ്രദേശങ്ങളിലെയും കര്‍ഷകര്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ഇതാണ് ഏഷ്യാനെറ്റ് വാര്‍ത്തയാക്കിയത്. ഈ വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്.
ചുരുക്കത്തില്‍, കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിക്കുന്നുവെന്നത് നുണയാണ്. കൊവിഡ് കാരണം വിലയിടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രതിഷേധമാണ്, ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ കാരണമാണെന്ന് പ്രചരിപ്പിക്കുന്നത്.