factcheck
FACTCHECK: ഹിജാബ് കേസില്‍ അഭിഭാഷകനെ കര്‍ണാടക ഹൈക്കോടതി ജഡ്ജി ശാസിച്ചുവോ?
എന്നാല്‍, കേസ് ഹിജാബ് നിരോധനമായിരുന്നില്ലെന്ന് മാത്രം.
ഹിജാബ് വിഷയം കോടതിയില്‍ ഉന്നയിച്ചതിന് അഭിഭാഷകനെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശാസിക്കുകയും അയോഗ്യനാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവകാശപ്പെട്ട് വീഡിയോ സഹിതം പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. പ്രധാനമായും വാട്ട്‌സാപ്പിലാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:
പ്രചാരണം : ഹിജാബ് നിരോധനത്തെ എതിര്‍ക്കുന്ന ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ തൊലി കോടതി ഉരിയുന്നു. ഈ വിഷയം എത്രമാത്രം ഗൗരവമുള്ളതാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയ ആ അഭിഭാഷാകന്‍ ഒരു പമ്പര വിഡ്ഢി തന്നെ (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ നിന്ന്. ജഡ്ജി ക്ഷോഭിക്കുന്ന 2.20 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ഒപ്പമുണ്ട്).
വസ്തുത : മാര്‍ച്ച് മൂന്നിന് നടന്ന സംഭവമാണിത്. ലൈവ് വാദപ്രതിവാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ക്ഷോഭിക്കല്‍. എന്നാല്‍, കേസ് ഹിജാബ് നിരോധനമായിരുന്നില്ലെന്ന് മാത്രം. വാണിജ്യ കേസുമായി ബന്ധപ്പെട്ട അപ്പീലിലാണ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ക്ഷോഭിച്ചത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ കമ്മീഷണറെ എതിര്‍കക്ഷിയാക്കി ബെംഗളൂരു സ്വദേശിയായ എം വെങ്കടേഷ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. അപ്പീല്‍ കോടതി തള്ളി. മാര്‍ച്ച് മൂന്നിന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഹൈക്കോടതി തത്സമയ വാദങ്ങളുടെ വീഡിയോയുടെ 37ാം മിനുട്ട് മുതല്‍, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ള ജഡ്ജിയുടെ ക്ഷോഭിക്കല്‍ കേള്‍ക്കാം.