Connect with us

factcheck

ഗണേശോത്സവത്തിനിടെ കേരളത്തില്‍ ഗണപതി വിഗ്രഹം പോലീസ് ബലം പ്രയോഗിച്ച് എടുത്തുമാറ്റിയോ?

ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇവിടെയെത്തുകയും ബലം പ്രയോഗിച്ച് ഗണേശ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Published

|

Last Updated

തെരുവില്‍ ഗണപതി വിഗ്രഹം വെച്ച് ഗണേശോത്സവം ആഘോഷിക്കുന്നതിനിടെ കേരള പോലീസ് ബലം പ്രയോഗിച്ച് അത് തടസ്സപ്പെടുത്തിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ആഘോഷം തടസ്സപ്പെടുത്തുക മാത്രമല്ല ഗണപതി വിഗ്രഹം പോലീസ് എടുത്തുകൊണ്ടുപോയതായും പ്രചാരണമുണ്ട്. ഇതിലെ വസ്തുതയറിയാം:

പ്രചാരണം: ഭഗവായെ ഹിന്ദ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന പോലീസ് ബലം പ്രയോഗത്തിന്റെ വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ഗണേശോത്സവത്തിനിടെ കേരളത്തിലെ ഹിന്ദുക്കളുടെ സ്ഥിതിയാണിത്. ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് അവരുടെ ഉത്സവം പോലും ആഘോഷിക്കാന്‍ പറ്റുന്നില്ല. തുറസ്സായ സ്ഥലത്ത് പായ വിരിച്ച് ഗണപതി വിഗ്രഹവുമായി ഇരിക്കുന്നവരെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുന്നതും ഗണപതി വിഗ്രഹം എടുത്തുകൊണ്ടുപോകുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ കാണാം

വസ്തുത: വീഡിയോയിലെ ആള്‍ക്കാര്‍ സംസാരിക്കുന്നത് തെലുഗ് ഭാഷയാണ്. ഇതുസംബന്ധിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞാൽ സെപ്തംബര്‍ 11ന് ക്രാന്തി മുഡിരാജ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ കാണാം. തെലങ്കാനയിലെ ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ ഹുപ്പുഗുഡയിലെ സംഭവമാണിത്. അവിടെ രക്ഷാപുരം സൊസൈറ്റിയുടെ വസ്തുവില്‍ ഗണേശോത്സവം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇതുസംബന്ധിച്ച് സന്തോഷ്‌നഗര്‍ പോലീസ് പറയുന്നതിങ്ങനെ: സെപ്തംബര്‍ പത്തിന് നടന്ന സംഭവമാണിത്. ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കത്തിലിരിക്കുന്ന പാര്‍ക്കില്‍ സ്ഥാപിച്ച വിഗ്രഹം എടുത്തുമാറ്റാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെടുകയും അവര്‍ അത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇവിടെയെത്തുകയും ബലം പ്രയോഗിച്ച് ഗണേശ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാലാണ് പോലീസ് ഇടപെട്ട് രാഷ്ട്രീയക്കാരെ നീക്കം ചെയ്തത്. നിലവില്‍ ഇവിടെ യാതൊരു കുഴപ്പമില്ലെന്നും പോലീസ് പറയുന്നു. ഈ സംഭവമാണ് വര്‍ഗീയ ചേരിതിരിവിന് വേണ്ടി കേരളത്തിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.

Latest