Connect with us

National

പരീക്ഷയിൽ തോറ്റു; ഒൻപതാം ക്ലാസ് വിദ്യാർഥികൾ അധ്യാപകരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; രംഗങ്ങൾ ഫേസ്ബുക്കിൽ ലൈവ്

പ്രാക്ടിക്കൽ പരീക്ഷയിൽ അധ്യാപകർ മനഃപൂർവം കുറഞ്ഞ മാർക്ക് നൽകിയെന്നും അതുകൊണ്ടാണ് തങ്ങൾ പരാജയപ്പെട്ടതെന്നും ആരോപിച്ചായിരുന്നു മർദനം

Published

|

Last Updated

ദുംക | പരീക്ഷയിൽ തോറ്റതിന് ഒൻപതാം ക്ലാസ് വിദ്യാർഥികൾ അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഝാർഖണ്ഡിലെ ദുംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് തങ്ങൾ പരാജയപ്പെട്ടത് എന്ന് ആരോപിച്ചായിരുന്നു മർദനം.

പ്രാക്ടിക്കൽ പരീക്ഷയിൽ അധ്യാപകർ മനഃപൂർവം കുറഞ്ഞ മാർക്ക് നൽകിയെന്നും അതുകൊണ്ടാണ് തങ്ങൾ പരാജയപ്പെട്ടതെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇതിൽ രോഷാകുലരായ വിദ്യാർഥികൾ അധ്യാപകനെയും ക്ലർക്കിനെയും പ്യൂണിനെയും കയർ കൊണ്ട് സ്‌കൂളിലെ മാവിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം ഫേസ്ബുക്കിൽ ലൈവ് നലകുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ വിഷയം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഡിഡിസി ആവശ്യപ്പെട്ടു.

ജാർഖണ്ഡ് അക്കാദമിക് കൗൺസിൽ (ജെഎസി) ഈ മാസം 26 നാണ് ഒമ്പതാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. അതിൽ പട്ടികവർഗ റസിഡൻഷ്യൽ ഹൈസ്‌കൂളിലെ 11 വിദ്യാർത്ഥികൾ തോറ്റിരുന്നു. ഇവരാണ് സംഘം ചേർന്ന് അധ്യാപകൻ കുമാർ സുമൻ, ക്ലാർക്ക് സോനേറാം ചൗദ്രെ, സ്കൂൾ പ്യൂൺ അച്ചന്തു മല്ലിക്ക് എന്നിവരെ മർദിച്ചത്. പ്രാക്ടിക്കൽ പരീക്ഷക്ക് നൽകിയ മാർക്ക് കാണിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ വിദ്യാർഥികൾ അധ്യാപകർ അതിന് വിസമ്മതിച്ചതോടെ മർദനം അഴിച്ചുവിടുകയായിരുന്നു.

സംഭവം ജില്ലാ വെൽഫെയർ ഓഫീസറും ഗോപികന്ദറിലെ ബിഡിഒയും അന്വേഷിക്കുമെന്ന് ഡിഡിസി ദുംക ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ (ഡിഡിസി) പറഞ്ഞു. വിദ്യാർഥികളുടെ ആരോപണവും അന്വേഷിക്കും. കാരണം എന്തുതന്നെയായാലും അധ്യാപകനെയും മറ്റും മർദിച്ച കാര്യം ഗുരുതരമാണെന്ന് ഡിഡിസി അറിയിച്ചു. ഇതിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു വരികയാണെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest